അന്ന് ശ്രീനാഥ് പ്രിയദർശനോട് എന്നെപ്പറ്റി കള്ളം പറഞ്ഞു,അതോടെ അഭിനയം ഞാൻ നിർത്തി – ശാന്തി കൃഷ്ണ

മലയാള സിനിമയിൽ ഇത്രയും ഐശ്വര്യമുള്ള മറ്റൊരു മുഖമില്ല. അതാണ് ശാന്തി കൃഷ്ണ . വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ ശാന്തി കൃഷ്ണ നടൻ ശ്രീനാഥുമായുള്ള വിവാഹത്തെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്.

“സിനിമയില്‍ കാല്‍ ഉറപ്പിച്ചപ്പോഴാണ് ശ്രീനാഥിനെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിക്കുന്നത്. 19-ാം വയസ്സില്‍ ആയിരുന്നു കല്ല്യാണം. 19-ാം വയസ്സിലെ കല്ല്യാണം ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പക്ഷേ, അങ്ങനെയങ്ങു സംഭവിച്ചു. കല്ല്യാണം കഴിഞ്ഞ് ഞാന്‍ ശ്രീനാഥിന്റെ കൂടെ മഠത്തുംപടി എന്ന കുഗ്രാമത്തില്‍ പോയി താമസിച്ചു. ബോംബെയില്‍ വളര്‍ന്ന ഞാന്‍ മഠത്തുംപടി എന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. ആ ഗ്രാമത്തില്‍ ഞാന്‍ സെറ്റും മുണ്ടും ഉടുത്തു കൊണ്ട് നാട്ടിന്‍പുറത്തുകാരിയായി ജീവിച്ചു.

ഉള്‍നാടന്‍ ജീവിതം ആരംഭിച്ചപ്പോള്‍ സിനിമയൊന്നും കിട്ടാതെയായി. അന്ന് ഫോണ്‍ സൗകര്യമൊന്നും ഇതുപോലെയില്ല. എന്നെ ഫോണില്‍ വിളിച്ചാലും ആര്‍ക്കും കിട്ടത്തില്ലായിരുന്നു. അതോടെ ഞാനും സിനിമയെ കുറിച്ചുള്ള ചിന്ത വിട്ടു. ആ സമയത്ത് നിര്‍മ്മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ശ്രീനാഥിനെ ഒരുപാട് നിര്‍ബന്ധിച്ച് ഞങ്ങളുടെ താമസം തിരുവനന്തപുരത്തേക്ക് മാറ്റുന്നു.

സിനിമയില്‍ ഓഫറുകള്‍ വരാന്‍ തുടങ്ങി. അന്ന് ശ്രീനാഥ് എന്നോടു ചോദിച്ചു നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന്. ഞാന്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ അഭിനയിക്കാന്‍ പോയില്ല. പ്രിയദര്‍ശനൊക്കെ ശ്രീനാഥിനോട് ചോദിച്ചു ശാന്തികൃഷ്ണയുടെ അഭിനയം നിര്‍ത്താന്‍ പറഞ്ഞോയെന്ന്. ഉടന്‍ ശ്രീനാഥ് പറഞ്ഞു, അവള്‍ തന്നെ വേണ്ടാന്ന് വച്ചതെന്നാണ്. ഞാന്‍ അഭിനയിക്കാന്‍ പോയില്ല.

ആ സമയത്ത് ഞാന്‍ ഡാന്‍സ് ക്ലാസ് തുടങ്ങി. പതുക്കെ ഡാന്‍സ് ക്ലാസും നിന്നു. ഞാനാകെ തകര്‍ന്നിരിക്കുമ്പോഴാണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് വിളിക്കുന്നത്. രണ്ടാം വരവിന് ധാരാളം ചിത്രങ്ങള്‍ കിട്ടി. അന്ന് സിനിമയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ കുറെ നല്ല കഥാപാത്രങ്ങളെ കിട്ടുമായിരുന്നു. പിന്നീട് വിവാഹമോചനം നടന്നു. അങ്ങനെ വീണ്ടും സിനിമ വിടുന്നു.- ശാന്തി കൃഷ്ണ പറയുന്നു.

santhikrishna about sreenath

Sruthi S :