എന്റെ കുട്ടികൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കണമെന്ന് ആഗ്രഹിച്ചു, ‘അമ്മ വീട്ടിലിരുന്നു, ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു, വെറുതെ വീട്ടിലിരുന്നു സമയം കളഞ്ഞില്ലേ’ എന്നൊന്നും അവർ ചോദിക്കുന്ന സാഹചര്യം ഉണ്ടാകരുത് ; സാന്ദ്ര

മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് നിര്‍മ്മാതാവായി മാറിയയാളാണ് സാന്ദ്രാ തോമസ്. സ്ത്രീകള്‍ അപൂര്‍വമായി മാത്രം വന്ന കാലത്താണ് സാന്ദ്ര നിര്‍മ്മാതാവായി എത്തിയത്. യാതൊരു മുന്‍ പരിചയവുമില്ലെങ്കിലും ആത്മവിശ്വാസം കൈമുതലാക്കിയാണ് സാന്ദ്ര മലയാള സിനിമയിലെ ശ്രദ്ധേയായ നിര്‍മ്മാതാവായി മാറിയത്. മക്കളായ തങ്ക കൊലുസിനൊപ്പമുള്ള സാന്ദ്രയുടെ യൂട്യൂബ് വീഡിയോകളൊക്കെ വൈറലായി മാറിയിരുന്നു. മുൻപ് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര.

നടനും നിർമാതാവുമായ വിജയ് ബാബുവിന് ഒപ്പമാണ് സാന്ദ്ര കമ്പനി നടത്തിയിരുന്നത്. എന്നാൽ ചില തർക്കങ്ങളെ തുടർന്ന് സാന്ദ്ര കമ്പനി വിടുകയായിരുന്നു. അതിനു ശേഷമാണ് സിനിമയിൽ നിന്നൊക്കെ മാറി സോഷ്യൽ മീഡിയയും യൂട്യൂബുമായി സാന്ദ്ര സജീവമായത്. എന്നാൽ ഇപ്പോഴിതാ, വീണ്ടും സ്വാതന്ത്ര സംവിധായകയായി സാന്ദ്ര സിനിമയിൽ സജീവമാവുകയാണ്. തന്റെ തിരിച്ചുവരവിന് പിന്നിലെ കാരണത്തെ കുറിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് സാന്ദ്ര ഇപ്പോൾ.

ഫ്രൈഡേ ഫിലിം ഹൗസ് വിട്ടുപോരുമ്പോൾ ഞാൻ ഇനി ഫിലിം ഫീൽഡിലേയ്ക്ക് തന്നെയില്ല എന്നാണ് മനസ്സിൽ വിശ്വസിച്ചിരുന്നതെന്ന് സാന്ദ്ര പറയുന്നു. എന്നാൽ എന്റെ പപ്പയാണ്‌ ഈ മടങ്ങി വരവിനു കാരണം. പപ്പ റൂബി ഫിലിംസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി വഴി രണ്ടു സിനിമകൾ നിർമ്മിച്ചിരുന്നു. അതിൽ വിൽപന മുതലായ ചെറിയ കാര്യങ്ങളിൽ ഹെല്പ് ചെയ്തതല്ലാതെ, എന്റേതായ ഇടപെടലുകൾ ഒന്നും തന്നെയുണ്ടായില്ല.

കുറെ കഥകൾ എന്റെ അടുത്തേക്ക് വന്നിരുന്നെങ്കിലും വേണ്ടെന്ന് വെച്ചു. എന്നാൽ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ നിർബന്ധിച്ചപ്പോൾ തനിക്ക് വീണ്ടും സിനിമ ചെയ്യണം എന്ന് തോന്നി. ഇതിനിടയിൽ വളരെ താല്പര്യം തോന്നിയൊരു പ്രമേയം സിനിമയാക്കണം എന്നെനിക്ക് ഉണ്ടായിരുന്നു. അതൊരു ബിഗ് ബഡ്ജറ്റ് വിഷയം ആയതുകൊണ്ട് ഇതുവരെയും തുടങ്ങിയിട്ടില്ല, ഇനി ചെയ്യാൻ പറ്റുമോ എന്നും അറിയില്ല. ഒരു അന്താരാഷ്ട്ര തലത്തിലുള്ള വിഷയമാണ് ആ സിനിമയുടെ പ്രമേയമെന്ന് സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് പ്രൊഡക്ഷൻ എന്ന് ഞാൻ വീണ്ടും ആലോചിക്കാനുള്ള കാരണം പോലും ആ സിനിമയെ കുറിച്ചുള്ള ആലോചനയാണ്. അല്ലെങ്കിൽ പപ്പയുടെ പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, എനിക്ക് കിട്ടുന്ന നല്ല തിരക്കഥകൾ അങ്ങോട്ട് കൊടുക്കുക എന്നെല്ലാം ആയിരുന്നു എന്റെ പ്ലാനെന്നും സാന്ദ്ര പറയുന്നു.

കുറച്ചു കാലം കഴിഞ്ഞാൽ എന്റെ കുട്ടികൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതല്ലാതെ ‘അമ്മ വീട്ടിലിരുന്നു, ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു, വെറുതെ വീട്ടിലിരുന്നു സമയം കളഞ്ഞില്ലേ’ എന്നൊന്നും അവർ ചോദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എനിക്ക് കഴിവുള്ള മേഖല പ്രൊഡക്ഷൻ ആണ്. അതുകൊണ്ട് വീണ്ടും നിർമ്മാണ രംഗത്തേയ്ക്ക് വരാൻ തീരുമാനിച്ചതെന്ന് സാന്ദ്ര വ്യക്തമാക്കി

ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ഞാൻ ഒരവസരമായാണ് കാണാറുള്ളത്. നമ്മൾ ജീവിതത്തിൽ ഒരു ടേൺ എടുക്കേണ്ട സമയമായി എന്നാണ് വിചാരിക്കാറുള്ളത്. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഓരോ ദുരനുഭവങ്ങളും, അനുഗ്രഹമായി കാണുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തിരിച്ചടികളെ ഞാൻ മോശമായി കാണാറില്ല. ബ്രേക്ക് അപ്പ് ഒരിക്കലുണ്ടായി എന്ന് കരുതി ആളുകൾ പ്രണയിക്കാതിരിക്കുമോ? സിനിമയിലും അതുപോലെ തന്നെയാണ്. പാർട്ണർഷിപ്പുകൾ ഉണ്ടാകും, പോകുമെന്നും സാന്ദ്ര പറഞ്ഞു.

നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസിന്റെ പ്രൊഡക്ഷനിൽ തിയേറ്ററിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾ ഒന്നുമില്ലാത്ത സിനിമയാണിത്. ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തും.

AJILI ANNAJOHN :