കുറെ സ്ത്രീകളെ കയറ്റാൻ വേണ്ടി എത്ര ലക്ഷങ്ങൾ ആണ് ചിലവഴിച്ചത് ?- ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് അറിയിച്ച് സലിം കുമാർ

ശബരിമല വിഷയത്തിൽ അഭിപ്രായവും നിലപാടും പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു . ഇപ്പോൾ യുവതി പ്രവേശനത്തിൽ കടുത്ത എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സലിം കുമാർ .
അച്ഛനെ എന്തുകൊണ്ടാണ് അച്ഛനെന്ന് വിളിക്കുന്നതെന്ന് ചോദിക്കുമ്പോലെ ശുദ്ധ വിവരക്കേടാണ് ശബരിമലയിലെ യുവതീ പ്രവേശനമെന്ന് സലിംകുമാര്‍ പറഞ്ഞു. ഫ്‌ലാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘സ്ത്രീകള്‍ കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണോ ശബരിമല പ്രവേശനം? കുറേ സ്ത്രീകളെ കയറ്റാന്‍ വേണ്ടി എത്ര ലക്ഷങ്ങളാണ് ചെലവഴിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാലും ഇല്ലെങ്കിലും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു തരത്തിലുള്ള ഉന്നമനവും ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇവിടെ നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ ശബരിമലയില്‍ തന്നെ കയറണമെന്ന് വാശിപിടിക്കുന്നതാണ് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഒരുപോലെ രാഷ്ട്രീയം കളിച്ചു. ബി.ജെ.പിക്ക് വളരാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമായിരുന്നു ശബരിമല. അവര്‍ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഏതൊരു സര്‍ക്കാരിനും എടുക്കാന്‍ കഴിയുന്ന നിലപാടെ ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ഞാന്‍ കുറ്റം പറയില്ല.

ശബരിമല കാര്യത്തില്‍ എന്ത് നവോത്ഥാനമാണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഒരു അമ്പലത്തില്‍ കയറിയില്ലെങ്കില്‍ സ്ത്രീയുടെ തുല്യത നഷ്ടപ്പെടുമോ? അച്ഛനെ എന്തുകൊണ്ടാണ് അച്ഛനെന്ന് വിളിക്കുന്നതെന്ന് ചോദിക്കുമ്പോലെ ശുദ്ധ വിവരക്കേടാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍.ആര്‍ത്തവം തെറ്റാമെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. സ്ത്രീയുടെ ഏറ്റവും പവിത്രമായ മുഹൂര്‍ത്തമാണ് ആ സമയം. ഋതുമതിയാകുന്ന പെണ്ണിനെ ദേവിയെ പോലെ പൂജിക്കുന്ന ചരിത്രമല്ലേ നമുക്കുള്ളത്. ആ സമയത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുള്ളത് പണ്ടേയുള്ള ഒരു അലിഖിത നിയമമാണ്. അത്തരം നിരവധി അലിഖിത നിയമങ്ങളിലൂടെ കെട്ടിപ്പടുക്കേണ്ടതാണ് നമ്മുടെ കുടുംബം’- സലിം കുമാര്‍ പറയുന്നു

salim kumar about sabarimala women entry

Sruthi S :