എന്നെ ആരും അത്തരം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചിട്ടില്ല – സായി പല്ലവി

മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി . അഭിനയത്തിലും പെരുമാറ്റത്തിലും മുൻപന്തിയിൽ നിൽക്കുന്ന സായ് പല്ലവി മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് എത്തുകയാണ്. മലരിനെ നെഞ്ചിലേറ്റിയ മലയാളികളോട് മനസ് തുറക്കുകയാണ് സായ് പല്ലവി .

“ഒരേപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമില്ല. മലർ പോലെ ഇനിയും അഞ്ച് റോൾ ചെയ്താൽ കാണുന്ന നിങ്ങൾക്കും ബോറടിക്കും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം. കൂടുതൽ സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടാകാനും വേറിട്ട റോളുകൾ കണ്ടെത്തണം. ആദ്യമായാണ് ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയുടെ വേഷം എന്നെ തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ താൽപര്യം തോന്നി. ഡയലോഗ് കുറവാണെന്നു കൂടി കേട്ടപ്പോൾ, എനിക്കു തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്നു ശ്രദ്ധിക്കാമല്ലോ. അങ്ങനെ പലരീതിയിലും അതിരൻ ലേണിങ് പ്രോസസ് ആയിരുന്നു. ഞാൻ പ്രൂവ് ചെയ്യുകയാണ് അല്ലെങ്കിൽ എന്നെ തന്നെ സർപ്രൈസ് ചെയ്യുകയാണ്. ‘ഹായ് പല്ലവി, നോട്ട് ബാഡ്, യു കാൻ ഡു ദിസ്’. ഇതാണ് ഇപ്പോൾ എന്റെ ഫീലിങ്.

ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യണമെന്നാണ് ആഗ്രഹം.  ഉദാഹരണത്തിന് ഓട്ടിസ്റ്റിക് ആയ ഒരു റോൾ ചെയ്യുമ്പോൾ ആ രീതിയിലുള്ളവരെ കണ്ടും നിരീക്ഷിച്ചും ചെയ്യണം. ഒരു കെയർഹോമിൽ പോയി അവിടെയുള്ളവരെ കണ്ടിരുന്നു. ചില കുട്ടികൾക്ക് തീരെ ചെറിയ ശബ്ദം പോലും സഹിക്കാനാകില്ല, ഉറക്കെ സംസാരിച്ചാൽ അവർ തലയിൽ അടിച്ചുതുടങ്ങും. ചിലരുടെ കൈകൾ

പ്രത്യേകരീതിയിലായിരിക്കും. ചിലർ നൂൽ കൈകളിൽ പിരിച്ചുകൊണ്ടേയിരിക്കും. ഇത്തരം പെരുമാറ്റ രീതികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിരനിൽ ഞാൻ കളരിയും ചെയ്യുന്നുണ്ട്. അതിനുകൂടി അനുയോജ്യമായ രീതികൾ കണ്ടെത്തണമായിരുന്നു. ഓട്ടിസത്തിന്റെ എക്സ്ട്രീം മാനറിസങ്ങൾ ചെയ്യാൻ കഴിയില്ല. കാരണം അതു ചെയ്താൽ കളരി ചെയ്യുന്നത് വിശ്വസനീയമാവില്ല. അതുകൊണ്ട്  സൂക്ഷ്മമായി ചെയ്യേണ്ടിരുന്നു. 

എനിക്കു തോന്നുന്നു, സിനിമയിൽ ഓരോരുത്തർക്കും ഓരോ അനുഭവമാണ്. എന്നെ സമീപിച്ചിട്ടുള്ള സംവിധായകർ അല്ലെങ്കിൽ ഞാൻ പടത്തിൽ വേണമെന്ന് ആഗ്രഹിച്ചവരാരും തന്നെ ഞാൻ കൂടുതൽ മേക്കപ് ധരിക്കണമെന്നു പ്രതീക്ഷിച്ചിട്ടില്ല. എന്റെ അഭിനയത്തെ അസ്വസ്ഥമാക്കിയേക്കുമെന്ന് അവർക്കു തോന്നിയിട്ടുള്ള മറ്റുപലകാര്യങ്ങളും എന്നോട് ചെയ്യാനാവശ്യപ്പെട്ടിട്ടില്ല. ആ രീതിയിൽ വളരെ ബോധ്യത്തോടെയാണ് അവർ എന്നെ സമീപിച്ചിട്ടുള്ളത്. മുഖക്കുരു മറക്കാതെ നടക്കാൻ സാധിക്കുന്നു എന്നു മറ്റു പെൺകുട്ടികൾ പറയുമ്പോൾ എനിക്കും സന്തോഷമുണ്ട്.  മേക്കപ്പില്ലാതെ പുറത്തുപോകാനും എനിക്കു മടിയില്ല, ‘നിങ്ങൾക്കു പല്ലവിയെ ഇഷ്ടമാണല്ലോ, അതുപോലെ ഞങ്ങൾക്കും മേക്കപ്പില്ലാതെ നടക്കാമെന്ന് അവർക്ക് ആത്മവിശ്വാസം നൽകാനാകുന്നിടത്തോളം അത് എന്റെയും സന്തോഷമാണ്. “- സായി പല്ലവി പറയുന്നു.

sai pallavi about directors

Sruthi S :