ഫെഫ്കയെ തകർക്കാൻ വ്യാജ പ്രചരണം ; സാങ്കേതിക പ്രവർത്തകരുടെ സംഘടനയെ തകർക്കാനെന്ന് വിശദീകരിച്ച് നേതൃത്വം..

ഫെഫ്കയെ തകർക്കാൻ വ്യാജ പ്രചരണം ; സാങ്കേതിക പ്രവർത്തകരുടെ സംഘടനയെ തകർക്കാനെന്ന് വിശദീകരിച്ച് നേതൃത്വം..

ഫെഫ്ക ഭാരവാഹിത്വത്തിൽ പത്തു വര്ഷം പൂർത്തിയാക്കിയ സിബി മലയിലും ബി ഉണ്ണികൃഷ്ണനും തുടരും . പത്തു വർഷമായി നേതൃത്വത്ത് തുടരുന്ന ഇരുവരും ഒഴിയാൻ തയ്യാറായെങ്കിലും തുടരാനാണ് മറ്റ് അംഗങ്ങൾ ആവശ്യപ്പെടുന്നത്. അംഗങ്ങളുടെ ആവശ്യം ഇരുവരും സമ്മതിച്ചതായാണ് റിപ്പോർട്ട്.

നവംബറിലാണ് ഫെഫ്കയുടെ ഭാരവാഹികൾ രണ്ട് കൊല്ലം പൂർത്തിയാക്കുന്നത്. എന്നാൽ നവംബറിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന് സിനിമാ ഷൂട്ടിംഗിന്റെ തിരക്ക് വരും. ഈ സാഹചര്യത്തിൽ ഓഗസ്റ്റിൽ പൊതുയോഗം നടത്താമെന്ന് ഉണ്ണിക്കൃഷ്ണൻ നിർദ്ദേശിക്കുകയായിരുന്നു. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 30നാണ് പൊതു യോഗം നടക്കുക. പൊതു യോഗത്തിൽ പുതിയ എക്‌സിക്യൂട്ടീവിന്റെ പാനൽ ഔദ്യോഗിക നേതൃത്വം അവതരിപ്പിക്കും. എതിർപ്പുണ്ടെങ്കിൽ മത്സരം വരും. പത്തുകൊല്ലമായി ഔദ്യോഗിക പാനൽ അതേ പടി അംഗീകരിക്കുകയാണ് പതിവ്. ഈ പാനലിന്റെ ഭാഗമായി ഉണ്ണികൃഷ്ണനും സിബി മലയിലും ഉണ്ടാകും.

കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹിസ്ഥാനം ബി. ഉണ്ണികൃഷ്ണനും സിബി മലയിലും ഒഴിയുമെന്നും പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പത്തുവർഷമായി ഭാരവാഹിസ്ഥാനത്ത് തുടർന്നതിനാലാണ് ഒഴിയുന്നതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഭാരവാഹി സ്ഥാനം ഒഴിയാൻ ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചെന്നും അതിന് ഭൂരിഭാഗം പേരും സമ്മതം മൂളിയില്ലെന്നുമാണ് ലഭിക്കുന്ന വിവരം. സംഘടനയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവരാണ് വ്യാജ വാർത്തയ്ക്ക് പിന്നിൽ. ഫെഫ്കയെ തുടർന്നും ഉണ്ണികൃഷ്ണനും സിബി മലയിലും തന്നെ നയിക്കും. കൃത്യസമയത്ത് പൊതുയോഗം വിളിക്കുന്നതു കൊണ്ട് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഫെഫ്കയിലെ മുതിർന്ന അംഗം പറയുന്നു. നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് ഫെഫ്കയിൽ നടപ്പാക്കുന്നത്. ഇതിന്റെ നേതൃത്വം ഉണ്ണികൃഷ്ണനും സിബി മലയിലും ഒഴിയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഫെഫ്ക ദിലീപിനെ പിന്തുണച്ചിട്ടില്ല. സംഘടനയെന്ന നിലയിൽ ദിലീപിനെ സസ്‌പെന്റ് ചെയ്തു. അത് പിൻവലിക്കുകയും ചെയ്തിട്ടില്ല. എന്നിട്ടും വെറുതെ ഫെഫ്കയെ വിവാദത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മാക്ടയിലെ ചിലരാണ് ഇതിന് പിന്നിൽ. പത്തുകൊല്ലം ഭാരവാഹിയായതു കൊണ്ട് ഉണ്ണികൃഷ്ണനും സിബി മലയിലും സ്ഥാനം ഒഴിയണമെന്നാണ് ആവശ്യം. എന്നാൽ മാക്ടയിലെ ഭാരവാഹികൾ എത്രകാലമായി തുടരുന്നു. ഇങ്ങനെ അധികാരത്തിൽ തുടരുന്നവരാണ് മാക്ടയെ കുറ്റം പറയുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ ഫെഫ്ക ഒറ്റക്കെട്ടായി മുമ്പോട്ട് പോകുമെന്നും പറയുന്നു. സ്ഥാനം ഒഴിയുമെന്ന വാർത്ത ബി ഉണ്ണികൃഷ്ണനും നിഷേധിച്ചു. അതിന് വേണ്ടിയല്ല പൊതു യോഗം ചേരുന്നതെന്നും വ്യക്തമാക്കി.

ചലച്ചിത്ര പുരസ്‌കാര സമർപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാലിനെതിരെ നീക്കം നടത്തിയതും നിവേദനം നൽകാൻ ആളെ സംഘടിപ്പിച്ചതും വലിയ വിവാദമായിരുന്നു. ലാലിനെതിരായ നിവേദനത്തിൽ ഒപ്പിട്ടതായി പറയുന്ന പ്രമുഖരായ പലരും തങ്ങൾ ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തമിഴ് നടൻ പ്രകാശ്രാജ്, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ എന്നിവർ തങ്ങൾ ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് പ്രസ്താവനയിറക്കി. നിവേദനത്തിൽ ആദ്യ പേര് പ്രകാശ്രാജിന്റെതായിരുന്നു.

ഇതോടെ മോഹൻലാലിനെതിരായി നടന്നത് വലിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി. ലാലിനെതിരായ നീക്കം പൊളിച്ചതും ഫെഫ്കയുടെ നേതൃത്വത്തിലായിരുന്നു. മോഹൻലാലിനെതിരായ നീക്കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സിനിമാ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണനാണ് ഈ നീക്കത്തിന് പിന്നിൽ നിന്നതും. ഇതോടെ ഫെഫ്കയിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമമുണ്ടെന്ന് വരുത്തി പ്രതിസന്ധി സൃഷ്ടിക്കാൻ ചിലർ മുന്നിട്ടിറങ്ങുകയായിരുന്നു. മറുനാടൻ മലയാളിയോട് ഫെഫ്കയുടെ മുതിർന്ന നേതാവാണ് വിറങ്ങൾ പങ്കു വച്ചത്.

report about fefka executive members

Sruthi S :