എനിക്ക് അതങ്ങനെ മോശമായൊന്നും തോന്നുന്നില്ല, അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു; ദാരിദ്ര്യം പിടിച്ച നടി’ പരാമർശത്തെക്കുറിച്ച് രമ്യ

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി മാറുകയാണ് നടി രമ്യ സുരേഷ്. നടി ഒട്ടുമിക്ക സിനിമകളിലും ദാരിദ്ര്യം നിറഞ്ഞ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്നും ടൈപ്പ് കാസ്റ്റ് ആകുന്നുവെന്നും ഒരു സിനിമ നിരൂപകൻ ഈ അടുത്ത് പറഞ്ഞത് ഏറെ വിവാദമായിരുന്നു.

വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമ്യ.ആ സിനിമ നിരൂപകൻ തന്റെ അഭിപ്രായമാണ് പറഞ്ഞത് എന്നും ‘ദാരിദ്ര്യം പിടിച്ച നടി’ എന്ന പരാമർശത്തിൽ വിഷമം തോന്നിയിട്ടില്ല എന്നും രമ്യ സുരേഷ് പറഞ്ഞു. വെള്ളരിപട്ടണം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് നടിയുടെ പ്രതികരണം.

എനിക്ക് അതങ്ങനെ മോശമായൊന്നും തോന്നുന്നില്ല. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. നിഴല്‍ എന്ന സിനിമ കണ്ടിട്ടാണ് എന്നെ വെള്ളരിപ്പട്ടണത്തിലേക്ക് വിളിക്കുന്നത്. നിഴല്‍, ഞാന്‍ പ്രകാശന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ മൂന്ന് സിനിമകളും കണ്ടിട്ടാണ് മറ്റുള്ളവര്‍ എന്നെ വിളിക്കുന്നത്. ഞാൻ കൊറോണ സമയത്താണ് സിനിമകള്‍ കൂടുതലും ചെയ്തത്. കൊറോണ വന്നതോടെ ആറ് മാസം വെറുതെ വീട്ടിലിരുന്നു. അതുകഴിഞ്ഞാണ് സിനിമകള്‍ വന്നത്. കിട്ടുന്ന സിനിമകളെല്ലാം ചെയ്യണം എന്നാണ് ഞാൻ അന്ന് കരുതിയത്’, രമ്യ സുരേഷ് പറഞ്ഞു.

എല്ലാത്തിലും ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ എനിക്ക് കരയാന്‍ പറ്റില്ല. പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട്. ഇപ്പോൾ ഞാൻ സെലക്ടീവാകാന്‍ തുടങ്ങി. അങ്ങനെ ആയപ്പോള്‍ വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന സിനിമകളെല്ലാം ഇങ്ങനെയാണ്.

എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളുണ്ട്. ശക്തമായ പൊലീസ് കഥാപാത്രം ചെയ്യാനും സൈക്കോ കഥാപാത്രം ചെയ്യാനും കോമഡി ചെയ്യാനും ആഗ്രഹമുണ്ട്. പക്ഷേ ഇതൊക്കെ കിട്ടണ്ടേ. ആ യൂട്യൂബര്‍ പിന്നാലെ വിശദീകരണം നല്കിയിരുന്നല്ലോ. അതുകേട്ടപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല’, രമ്യ കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :