മലയാള സിനിമ മൊത്തത്തിൽ വൃത്തികേടാണെന്നു ഞങ്ങളാരും പറഞ്ഞിട്ടില്ല – രമ്യ നമ്പീശൻ

മലയാള സിനിമയിൽ ഡബ്ള്യു സി സി എന്ന വനിതാ സംഘടനക്ക് ചുക്കാൻ പിടിച്ച നടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ . ഒരുപാട് വര്‍ഷത്തിന് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതിനെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും രമ്യ തുറന്നു പറയുകയാണ്.

മികച്ച ഒരു ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്തില്‍ താന്‍ സംതൃപ്തയാന്നെന്നും മടങ്ങി വരവില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ‘മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ഒരുപാട് സിനിമകള്‍ വളരെ റിയലിസ്റ്റിക്കായിരുന്നു. അതിന്റെ ഭാഗമാണ് വൈറസും. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്തത് വൈറസിലാണ്. വളരെ ചിട്ടയോടെയാണ് ഞങ്ങള്‍ സിനിമ ചെയ്തത്.

ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേ ശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണ്. ഞങ്ങള്‍ കുറച്ച്‌ പേര്‍ അതിന് വേണ്ടിയുള്ള ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഹേമ കമ്മീഷന്‍ വന്നു. ഞങ്ങള്‍ക്ക് ചെറിയൊരു മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് തോന്നുന്നുണ്ട്. മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. വിജയമാണോ തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു. ഇനിയും മുന്നോട്ടു തന്നെ ‘- രമ്യ നമ്ബീശന്‍ പറയുന്നു.

‘തമിഴ് ആണെങ്കിലും മലയാളം ആണെങ്കിലും നന്നായി അഭിനയിക്കുന്നതിലാണ് കാര്യം. ഭാഷയൊന്നും പ്രശ്നമല്ല. വിമര്‍ശനങ്ങളെ കുറിച്ച്‌ പറയുകയാണെങ്കില്‍, നമ്മുടെ നാട്ടില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്. തമിഴില്‍ ആ പ്രവണത കുറവാണ്. ഞാന്‍ പലപ്പോഴും അഭിമുഖം കൊടുക്കാറില്ല. ട്രോളിന് പിറകെ പോകാന്‍ വയ്യ. ട്രോള്‍ കാരണം വിഷാദത്തിലേക്ക് പോയവര്‍ വരെയുണ്ട്.’ രമ്യ പറഞ്ഞു.

വൈറസില്‍ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. വൈറസിലെ തന്റെ കഥാപാത്രം ഇതുവരെ ചെയ്തവയില്‍ നിന്നും വ്യത്യസ്തമാമെന്നാണ് രമ്യ പറയുന്നത്. ‘ആദ്യം എന്റെ അഭിനയം കുറച്ച്‌ ഓവറാണോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അതെക്കുറിച്ച്‌ ആഷിഖിനോട് ഞാന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ തോന്നിയിരുന്നു. ഭാഷ, സംസാര ശൈലി അതൊക്കെ ശ്രദ്ധിക്കണം. സ്വാഭാവികമായാണ് ഞങ്ങള്‍ അഭിനയിച്ചത്.’ രമ്യ പറഞ്ഞു. 2015 ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു രമ്യ ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.

remya nambeesan about w c c

Sruthi S :