പ്രഭാസിനും കമലിനും 100 കോടി, ബച്ചന് വളരെ കുറവ് പ്രതിഫലം, കല്‍ക്കിയ്ക്കായി താരങ്ങള്‍ വാങ്ങിയ തുക എത്രയെന്നോ!

ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഭേദിച്ച് മുന്നേറുകയാണ് പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ എത്തിയ ചിത്രത്തില്‍ കാമിയോ റോളുകളിലും നിരവധി അപ്രതീക്ഷിത താരങ്ങള്‍ അണിനിരന്നിട്ടുണ്ട്.

ഇപ്പോഴിതാ ഈ ചിത്രത്തിനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലമാണ് വൈറലായി മാറുന്നത്. ചിത്രത്തിലെ നായകനായ പ്രഭാസും വില്ലനായ കമല്‍ ഹാസനും 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രത്തില്‍ 10 മിനിറ്റോളം മാത്രമുള്ള റോള്‍ ആയിരുന്നു കമലിന്റെത്.

പ്രഭാസിനും കമലിനും 100 കോടിയാണ് പ്രതിഫലമെങ്കില്‍ അതിന്റെ പകുതിയിലേറെ കുറവ് പ്രതിഫലമാണ് അമിതാഭ് ബച്ചന് നല്‍കിയിരിക്കുന്നത്. 35-40 കോടിയാണ് ബച്ചന് നല്‍കിയ പ്രതിഫലം.

നായിക ദീപിക പദുക്കോണിന് 20 കോടിയാണ് പ്രതിഫലം. മറ്റൊരു നായികയായ ദിഷ പഠാനിയുടെ പ്രതിഫലം 12 കോടിയാണ്. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ 25 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്ലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഇതോടെ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് കല്‍കി തകര്‍ത്തു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്‍ക്കി 2898 എഡി ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയിട്ടുമുണ്ട് ദുല്‍ഖര്‍. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിനമായ വെള്ളിയാഴ്ച നേടിയിരിക്കുന്നത് 2.75 കോടിയും.

ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ കേരളത്തില്‍‌ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ആ​ഗോള കളക്ഷന്‍ 298.5 കോടിയാണ്.

സയൻസ് ഫിക്ഷനായാണ് ‘കൽക്കി 2898 എഡി’ എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്.

Vijayasree Vijayasree :