കാന്താരയുടെ കളക്ഷന്‍ കണ്ട് അവര്‍ ഹൃദയാഘാതം വന്ന് മരിക്കും; ബിഗ് ബജറ്റ് സംവിധായകരെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ

കന്നഡ ചിത്രമായ കാന്താര ബോക്‌സ് ഓഫിസുകള്‍ കീഴടക്കി മുന്നേറുകയാണ്. ചെറിയ ബജറ്റില്‍ ഋഷഭ് ഷെട്ടി ഒരുക്കിയ ചിത്രം മികച്ച ചലച്ചിത്ര അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോടകം ചിത്രം 100 കോടി ക്ലബ്ബില്‍ കയറിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വന്‍ ബജറ്റ് ചിത്രങ്ങള്‍ മാത്രമേ തിയറ്ററില്‍ ആളെ നിറയ്ക്കൂ എന്ന കെട്ടുകഥയാണ് ഋഷഭ് ഷെട്ടി കാന്താരയുടെ വിജയത്തിലൂടെ തകര്‍ത്തത് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ സിനിമ ഇന്‍ഡസ്്ട്രിയിലെ ശിവനാണ് ഋഷഭ് ഷെട്ടി.

300 കോടി, 500 കോടി ബജറ്റില്‍ സിനിമ ഒരുക്കുന്ന സംവിധായകരാണ് ഇപ്പോള്‍ വില്ലന്മാര്‍. കാന്താരയുടെ കളക്ഷന്‍ കണ്ട് അവര്‍ ഹൃദയാഘാതം വന്ന് മരിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കാന്താരയിലൂടെ വലിയ പാഠമാണ് ഋഷഭ് ഷെട്ടി സിനിമ മേഖലയെ പഠിപ്പിച്ചതെന്നും ആര്‍ജിവി കുറിക്കുന്നുണ്ട്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനും. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58-60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. മികച്ച അഭിപ്രായം നേടിയതിനു പിന്നാലെ മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയിരുന്നു.

Vijayasree Vijayasree :