എന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ; സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് രജനികാന്ത്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ‘ലാല്‍സലാം’ എന്ന ചിത്രത്തിന്റെ ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സംസാരിക്കുമ്പോഴായിരുന്നു ഐശ്വര്യ ഇതു തുറന്ന് പറഞ്ഞത്. മകളുടെ പ്രസംഗത്തിനിടെ രജനികാന്ത് കണ്ണീരണിയുകയും ചെയ്തിരുന്നു.

‘സോഷ്യല്‍ മീഡിയകളില്‍നിന്ന് മാറിനില്‍ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവര്‍ കാണിച്ചുതരും. അതെല്ലാം കാണുമ്പോള്‍ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകള്‍ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല.

സംഘിയുടെ അര്‍ഥം എന്താണെന്ന് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആ?ഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കില്‍ അദ്ദേഹം ”ലാല്‍സലാം” പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാള്‍ക്കേ ഈ ചിത്രം ചെയ്യാനാകൂ’, എന്നാണ് ഐശ്വര്യ പറഞ്ഞത്.

സംഘി എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും തന്റെ പിതാവ് സംഘിയല്ലെന്നുമുള്ള ഐശ്വര്യയുടെ പരാമര്‍ശം പിന്നീട് വലിയ വിവാദമായി. തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ല. ആത്മീയ വിഷയങ്ങളില്‍ താല്‍പര്യമുള്ള പിതാവിനെ അങ്ങനെ മുദ്ര കുത്തുന്നതിലെ അനൗചിത്യമാണ് ഐശ്വര്യ അവിടെ പറഞ്ഞതെന്നും രജനി വ്യക്തമാക്കി

ഐശ്വര്യ രജനികാന്ത് സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Vijayasree Vijayasree :