അന്ന് രജനികാന്ത് പഠിപ്പിച്ചു , ആഹാരം നൽകി , നല്ല നിലയിലെത്തിച്ചു .ഇന്ന് രജനി ചിത്രങ്ങളുടെ പോസ്റ്ററുകളിലൂടെ ജീവിക്കുന്നു – ഹൃദയം തൊട്ടൊരു തലൈവർ ആരാധകന്റെ കുറിപ്പ്..

അന്ന് രജനികാന്ത് പഠിപ്പിച്ചു , ആഹാരം നൽകി , നല്ല നിലയിലെത്തിച്ചു .ഇന്ന് രജനി ചിത്രങ്ങളുടെ പോസ്റ്ററുകളിലൂടെ ജീവിക്കുന്നു – ഹൃദയം തൊട്ടൊരു തലൈവർ ആരാധകന്റെ കുറിപ്പ്..

സൂപ്പർ താരങ്ങൾ എപ്പോളും അവരുടെ താരപ്രഭക്കപ്പുറം ഒട്ടേറെ നല്ല പ്രവർത്തികൾ ചെയ്യാറുണ്ട്. തമിഴ് നടന്മാർ ഇക്കാര്യത്തിൽ വളരെ മുൻപിലാണ്. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇവരിതൊന്നും ചെയ്യുന്നതെന്നാതാണ് ശ്രദ്ധേയം. തലൈവർ രജനികാന്തിന്റെ ഇത്തരമൊരു സഹായം ലോകമറിയുകയാണ് ഇപ്പോൾ. രജനികാന്തിന്റെ സഹായത്തോടെ പഠിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തന്നെയും തന്റെ കുടുംബത്തെയും ഇല്ലായ്മയുടെ കാലത്ത് സഹായിച്ച രജനികാന്തിനോടുള്ള നന്ദി സൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും ഡിസൈൻ ചെയ്തു നൽകുകയാണ് മാധി എന്ന യുവാവ്. രജനീചിത്രങ്ങളുടെ പോസ്റ്ററുകൾക്കും ബാനറുകൾക്കും വേണ്ടി തലൈവർ ഫാൻസ് ക്ലബ്ബുകൾ ഈ ഡിസൈനറെയാണ് പലപ്പോഴും സമീപിക്കുന്നത്.

“വളരെ പാവപ്പെട്ടൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. രജനിസാറിന്റെ വീട്ടിലായിരുന്നു എന്റെ അമ്മയ്ക്ക് ജോലി. തലൈവറായിരുന്നു എന്റെ സ്കൂൾ ഫീസ് അടച്ചു കൊണ്ടിരുന്നത്. എന്റെ മുത്തശ്ശൻ ഒരു കോർപ്പറേഷൻ ജോലിക്കാരനായിരുന്നു. രജനിസാറിന്റെയും ജയലളിത അമ്മയുടെയും വീടുകൾ സ്ഥിതിചെയ്യുന്ന പോസ് ഗാർഡൻ ക്ലീൻ ചെയ്യാൻ സ്ഥിരമായി പോയിരുന്നത് അദ്ദേഹമായിരുന്നു. ഇടയ്‌ക്കൊക്കെ മുത്തശ്ശൻ രജനിസാറിന്റെ വീട്ടിലും ജോലി ചെയ്യാൻ എത്തും. വരാന്തയിൽ പത്രം വായിച്ചുകൊണ്ട് തലൈവർ എന്റെ മുത്തശ്ശനോട് സംസാരിക്കും. എല്ലാ ദീപാവലി നാളിലും ഞങ്ങൾ സകുടുംബം രജനീസാറിന്റെ വീട്ടിൽ പോവും.. അദ്ദേഹം ഞങ്ങൾക്ക് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും തരും. മുത്തശ്ശനും അദ്ദേഹം വിശേഷാവസരങ്ങളിൽ പണം നൽകുമായിരുന്നു,” മാധി പറയുന്നു.

” ഒരു ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വലിയൊരു ആൾക്കൂട്ടം, അതിൽ ഞങ്ങളും ഉണ്ടായിരുന്നു. ഒരു ബെൻസ് കാറിൽ വെള്ളമുണ്ടും വെള്ള ഷർട്ടും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. തലൈവരെ കണ്ട കുറച്ചുപേർ അദ്ദേഹത്തിന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. പക്ഷേ തലൈവർ എല്ലാവരെയും വിലക്കി, അത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ആളുകൾ കാലിൽ വീഴുന്നത് ഇഷ്ടമല്ല. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഞങ്ങളെ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിനൊപ്പം ഞങ്ങളോടും മുകളിലേക്ക് വരാൻ പറഞ്ഞു. കുറേ നേരമായോ നിങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് എന്നൊക്കെ ചോദിച്ച് ഞങ്ങളോട് സംസാരിക്കുകയും മധുരം നൽകുകയും ചെയ്തു.” മാധി കൂട്ടിച്ചേർക്കുന്നു.

“ഒരിക്കൽ എന്റെ കുടുംബം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ സാറില്ല. കാവൽക്കാരൻ ഞങ്ങളെ തടഞ്ഞുനിർത്തി കാത്തിരിക്കാൻ പറഞ്ഞു. ഞങ്ങൾ വരുന്നുണ്ടെന്ന് എന്റെ മുത്തശ്ശനും ലത അമ്മയുമൊക്കെ പറഞ്ഞതും അയാൾ മുഖവിലയ്ക്ക് എടുത്തില്ല. ഒടുവിൽ ലത അമ്മ ഞങ്ങളുടെ മുന്നിൽവെച്ച് കാവൽക്കാരനെ വഴക്കു പറഞ്ഞ്, ഞങ്ങളെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി. വളരെ സ്നേഹത്തോടെ ഞങ്ങളോട് സംസാരിച്ചു. നന്നായി പഠിക്കുന്നുണ്ടോ എന്നൊക്കെ തിരക്കി.”

” അദ്ദേഹം എന്റെ കുടുംബത്തോട് ചെയ്ത സഹായങ്ങൾ മറക്കാനോ ആ കടങ്ങൾ വീട്ടാനോ എനിക്ക് കഴിയില്ല. ഞങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടിയ കാലത്തൊക്കെ അദ്ദേഹമായിരുന്നു ഞങ്ങളെ സഹായിച്ചത്. എനിക്ക് നല്ല വിദ്യാഭ്യാസം കിട്ടിയതുപോലും അ്ദേഹം കാരണമാണ്. അതുകൊണ്ടു തന്നെ എന്നാൽ ആവും വിധം ആ കടപ്പാട് വീട്ടാൻ ഞാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിനു വേണ്ടി പോസ്റ്ററുകളും ബാനറുകളും ഉണ്ടാക്കുന്നത് എനിക്ക് അഭിമാനവും സന്തോഷവും നൽകുന്നു,” മാധി പറയുന്നു.

rajanikanth fan lifestory

Sruthi S :