നിങ്ങളില്ലെങ്കിൽ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ; 34 വർഷങ്ങൾക്കു ശേഷം മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന് രാധിക ശരത്കുമാർ!!!

34 വർഷത്തിന് ശേഷം രാധിക ശരത്കുമാർ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ഒരുങ്ങുന്നു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലാണ് മോഹൻലാലും രാധികയും വീണ്ടുമൊന്നിച്ച് അഭിനയിക്കുന്നത്. ‘നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന’ മോഹൻലാലിന്റെ വാക്കുകൾ തനിക്കേറെ സന്തോഷവും അഭിമാനവും നൽകിയെന്ന് പറയുകയാണ് രാധിക. സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രത്തിന്റെ വിശേഷം രാധിക പങ്കുവച്ചിരിക്കുന്നത്.

1985 ൽ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡികളും ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ പൂജ കൊച്ചിയിൽ നടന്നു. സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ പൂജയും ഇന്ന് കൊച്ചിയിൽ വെച്ചു നടന്നിരുന്നു. ഒരേ ദിവസം രണ്ടു ചിത്രങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ.

‘ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘വെള്ളിമൂങ്ങ’, ‘ചാർലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാർ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യിൽ.
ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

radika sharathkumar in ittimaani made in china

HariPriya PB :