അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റെ പ്രീമിയറിനിടെ തെലുങ്കാനയിലുണ്ടായ ഉണ്ടായ അപകടം വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലൊരു അപകടം തിയേറ്ററുകളിൽ ഉണ്ടാകാതിരിക്കാൻ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. തിയറ്ററുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച് ബാനറുകൾ തൂക്കിയിട്ടുണ്ട്.
രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് ആണ് നടപടി. പുലർച്ചെയുള്ള ഷോകളിൽ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് തിയേറ്ററുകൾ സ്വീകരിച്ചത്. നിരയായി മാത്രമേ തിയറ്റർ കോമ്പൗണ്ടിലേയ്ക്ക് പ്രവേശനമുണ്ടാകൂ. കൂടാതെ ആഘോഷങ്ങളിലും നിയന്ത്രണമുണ്ട്.
പടക്കം, ഹിറ്റ് സ്‌പ്രേകൾ, പോസ്റ്റർ ബോർഡുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ തിയേറ്ററിൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി. ആന്ധ്രപ്രദേശ് തെലുങ്കാന തിയറ്ററുകളിൽ ഗെയിം ചെയ്ഞ്ചറിന് പുലർച്ചെയുള്ള ഷോ നടത്താൻ അനുമതി നൽകിയിരുന്നു. ടിക്കറ്റ് നിരക്കും വർധിപ്പിക്കാം. എന്നാൽ ഒരു മണിയ്ക്കുള്ള ഷോയ്ക്ക് സർക്കാർ അനുമതി നൽകിയില്ല.
നാല് മണി മുതലാണ് പ്രദർശനം നടത്താനാവുക. ഒരു മാസം മുൻപാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ പ്രീമിയർ റിലീസിനിടെ യുവതി മരിക്കുകയും ഒമ്പത് വയസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു.