ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം തിയേറ്ററിൽ നിറഞ്ഞോടുകയാണ്. സിനിമയെ അഭിനന്ദിച്ച് രാഷ്ട്രീയ രംഗത്ത് നിന്നടക്കം നിരവധി പേരാണ് എത്തിയത്.
ഇപ്പോഴിതാ മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള.. മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മാളികപ്പുറത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
അപൂർവമായി മാത്രം തിയേറ്ററിൽ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. മാളികപ്പുറം സിനിമയുടെ നിർമാതാവ് ശ്രീ. ആൻറ്റോ ജോസഫിന്റെ സ്നേഹപൂർവ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാൻ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബർ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ച കാര്യം ഞാൻ ഇപ്പോൾ സന്തോഷപൂർവം ഓർക്കുകയാണ്.
തികച്ചും വ്യത്യസ്തമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ശബരിമലയുടെ ചരിത്രവും ഐതിഹ്യവും വിവരിച്ചുകൊണ്ടുള്ള തുടക്കം വളരെ വിജ്ഞാനപ്രദമായിരുന്നു. ഭക്തിയിൽ അധിഷ്ഠിതമായ ഈ സിനിമ എല്ലാ തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒന്നാണ്. അത്തരമൊരു ചിത്രം ഒരുക്കിയതിന് അണിയറപ്രവർത്തകർക്ക് തീർച്ചയായും അഭിമാനിക്കാം. ആലപ്പുഴ ജില്ലയിലെ വെൺമണി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് സിനിമയിലെ കഥാപരിസരവും കഥാപാത്രങ്ങളും ഒക്കെ വളരെ സുപരിചതമായാണ് തോന്നിയത്. കുഞ്ഞു മാളികപ്പുറത്തിന്റെ ദുഃഖവും സന്തോഷവുമെല്ലാം പ്രേക്ഷകർക്ക് സ്വന്തം വികാരങ്ങളായി തോന്നിപ്പിക്കുന്നതിൽ ചിത്രത്തിന്റെ സംവിധായകൻ ശ്രീ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് ശ്രീ അഭിലാഷ് പിള്ളയും വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ശ്രീ. ഉണ്ണി മുകുന്ദൻ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മാളികപ്പുറത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാമി അയ്യപ്പനായി ഈ നടൻ അത്രമാത്രം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. അത് പോലെ തന്നെയാണ് ദേവനന്ദ, ശ്രീപദ് എന്നീ കുട്ടികളുടെ അഭിനയം. ഈ രണ്ട് കുട്ടികളും ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുന്നു.
വളരെ കാലികപ്രക്തിയുള്ള ഒരു വിഷയമാണ് ചിത്രത്തിലൂടെ അവതരിക്കപ്പെട്ടിട്ടുള്ളത്. കുട്ടികളിലും മുതിർന്നവരിലും ഒട്ടും മടുപ്പുളവാക്കാതെ, ആസ്വാദ്യകരമായി തന്നെ ഈ വിഷയം കാണികളിൽ എത്തിക്കാൻ ചിത്രത്തിന് സാധിച്ചിരിക്കുന്നു. ഇത്തരത്തിലൊരു സിനിമ അഭ്രപാളികളിൽ എത്തിക്കാൻ നിർമാതാക്കളായ ശ്രീ ആൻറ്റോ ജോസഫും ശ്രീ വേണു കുന്നപ്പള്ളിയും കാണിച്ച ആത്മവിശ്വാസവും ധൈര്യവും അഭിനന്ദാർഹമാണ്. ഈ ചിത്രത്തിലൂടെ സ്വാമി അയ്യപ്പന്റെയും മാളികപ്പുറത്തിന്റെയും കഥകൾ നമ്മളുടെ രാജ്യത്തിനകത്തും പുറത്തും കൂടുതൽ ജനങ്ങളിലേക്ക് എത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മാളികപ്പുറം സിനിമ നേടുന്ന അത്ഭുതപൂർവ്വമായ വിജയം ഏറെ സന്തോഷകരമാണ്. ഇത്തരത്തിൽ നമ്മളുടെ നാടിന്റെ മണ്ണിൽ വേരൂന്നിയ സിനിമകൾ നിർമ്മിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഇനിയും സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.