അവതാരകന്‍, ചലച്ചിത്ര നടന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആയിരുന്നു പ്രശാന്തിന്റെ സിനിമ അരങ്ങേറ്റം. 20 വർഷങ്ങൾക്കിപ്പുറം ഒരു സിനിമയിൽ ടൈറ്റിൽ വേഷത്തിൽ എത്തുകയാണ് നടൻ. കൃഷാന്ത് സംവിധാനം ചെയുന്ന പുരുഷ പ്രേതം എന്ന ചിത്രത്തിലാണ് പ്രശാന്ത് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
അതിനിടെ തന്റെ കരിയറിനെ കുറിച്ചും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടർ. ദിവസവും ഒരുനേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന സമയം തനിക്കുണ്ടായിരുന്നെന്നും എന്നാൽ അന്നൊന്നും താൻ സ്ട്രഗിളോ ടെൻഷനോ അനുഭവിച്ചിട്ടില്ലെന്നും അച്ഛൻ മരിച്ചപ്പോഴാണ് അതുണ്ടായതെന്നും പ്രശാന്ത് പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പ്രശാന്തിനെ പരിചയപ്പെടുത്തുന്നതിനിടയിൽ പേര് പറഞ്ഞാൽ അറിയില്ലായിരിക്കും എന്നൊരു വാക്ക് അവതാരക ഉപയോഗിച്ചിരുന്നു. അതിൽ നിന്നാണ് നടൻ സംസാരിച്ചു തുടങ്ങിയത്. ”പേര് പറഞ്ഞാൽ അറിയാൻ ഞാൻ എന്താണ് ചെയ്യണ്ടേ? തുടങ്ങിയത് ടിവി പരിപാടികളിൽ നിന്നാണ്. അന്നത്തെ ട്രെൻഡ് പേരിനൊപ്പം നാടിന്റെ പേര് കൂടി ചേർക്കുന്നതായിരുന്നു. ഞാൻ അത് വേണ്ടെന്ന് തീരുമാനം എടുത്തിരുന്നു. പ്രശാന്ത് എന്ന പേര് മാത്രം ആയിരുന്നു ടിവി പ്രോഗ്രാമിന് കൊടുത്തത്,’
‘അതൊരു കോമൺ പേര് ആയത് കൊണ്ട് ഞാൻ ചെയ്ത പ്രോഗ്രാമിന്റെ പേരിലായിരുന്നു അറിയപ്പെട്ടത്. ചിലപ്പോൾ അതുകൊണ്ടായിരിക്കും അറിയാതെ പോയത്. സിഗ്നേച്ചർ ആയ എന്തെങ്കിലും പേരിനൊപ്പം ഉണ്ടെങ്കിൽ ആളുകൾ പെട്ടെന്ന് നോട്ട് ചെയ്യും. ഇനി ആളുകൾ തിരിച്ചറിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്,’ എന്നായിരുന്നു നടൻ പറഞ്ഞത്.
ദീർഘ നാൾ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും അടുത്ത കാലത്താണ് പ്രശാന്തിന് സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചത്. ആക്ഷൻ ഹീറോ ബിജു, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ ഒക്കെ പ്രശാന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ നോക്കുമ്പോൾ സിനിമയിലേക്ക് വൈകി വന്നാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് നടൻ നൽകിയത്.
ഞാൻ പഠിച്ചത് മീഡിയ കമ്യുണിക്കേഷനാണ്. എനിക്ക് സിനിമയോ ടെലിവിഷനോ അല്ലാതെ മറ്റൊരു പണിയും ചെയ്യാൻ പറ്റില്ലെന്ന് ഞാൻ തന്നെ തീരുമാനിച്ചിരുന്നു. ടെലിവിഷനിൽ ഒരുപാട് കാലം ജോലി ചെയ്ത് സിനിമയിലേക്ക് കൂടി വന്ന് കഴിഞ്ഞപ്പോൾ ടെലിവിഷന്റെ വളർച്ചയ്ക്ക് ഒരു അവസാനമായിട്ടുണ്ടായിരുന്നു. പക്ഷെ സിനിമയ്ക്ക് ഒരു അവസാനമില്ല.
നല്ല വേഷങ്ങൾ കിട്ടിയാൽ മരണം വരെ നമുക്ക് അഭിനയിച്ചുകൊണ്ട് ഇരിക്കാം. സിനിമയിൽ നിൽക്കാൻ നല്ല ഭാഗ്യം ആവശ്യമാണ്. അവസരങ്ങൾ ലഭിക്കണം. അതിന് സമയമെടുക്കുമായിരിക്കും. ഇപ്പോൾ എത്തിയെന്ന് പറയാൻ ആയിട്ടില്ല. എന്തോരം കാലം മുന്നോട്ട് കിടക്കുന്നു. സമയമെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു.
ഇതുവരെ അദ്വാനിച്ചു കഷ്ടപ്പെട്ടു എന്ന ചിന്തയൊന്നും ഉണ്ടായിട്ടില്ലെന്നും നടൻ പറയുന്നുണ്ട്. സിനിമയിൽ ഉണ്ടായിരുന്ന സമയം മുഴുവൻ ആസ്വദിച്ചാണ് മുന്നോട്ട് പോവുന്നത്. അന്ന് ഒന്നും സ്ട്രഗിൾ ആയിട്ട് തോന്നിയിട്ടില്ല. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട്. അത് ഞാൻ കുടുംബത്തോടും സുഹൃത്തുക്കളോടും അത് പറയാറുണ്ട്.
ദിവസവും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അത് ബുദ്ധിമുട്ടായി തോന്നിയില്ല. എന്റെ ആരോഗ്യത്തിന് നല്ലതായി കണ്ടത് കൊണ്ട് പട്ടിണി കിടക്കുവാണെന്ന് തോന്നിയിട്ടില്ല. ഇന്ന് മൂന്ന് നേരം കഴിക്കുമ്പോൾ അന്ന് അത് എങ്ങനെ എനിക്ക് കഴിഞ്ഞു എന്ന് അറിയില്ലെന്നാണ് നടൻ പറഞ്ഞത്.
അതേസമയം, സ്ട്രഗിളും ടെൻഷനും എല്ലാം ഉണ്ടായത് അച്ഛന്റെ മരണത്തിന് ശേഷം ആന്നെന്ന് പ്രശാന്ത് പറഞ്ഞു. പപ്പ പോകുന്ന സമയത്ത് ഞാൻ രണ്ടു കാലിൽ നിന്നട്ടില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. ആ സ്ട്രഗിളും ടെൻഷനും ഞാൻ ആകെ അനുഭവിച്ചത് ആ ഒരു സമയത്ത് മാത്രമാണ് എന്നാണ് പ്രശാന്ത് പറഞ്ഞത്.
ഇപ്പോൾ തനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ടെന്നും നടൻ പറയുന്നുണ്ട്. ‘ഞാൻ 22-മത്തെ വയസിൽ സിനിമയിൽ വന്നതാണ് 38-മത്തെ വയസ് വരെ എന്നോട് എല്ലാവരും പറഞ്ഞിരുന്നത് കഥാപാത്രത്തിന് പറ്റിയ മുഖമല്ല എന്നാണ്. അതായത് എന്റെ മുടി പോകുന്നത് വരെ. അത് കഴിഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല. ഇപ്പോൾ ക്യാരക്ടറിന് പറ്റിയ മുഖമാണ് എന്നൊക്കെ പറയുമ്പോൾ സന്തോഷമുണ്ട്,’ പ്രശാന്ത് പറഞ്ഞു.