അങ്ങനെ തീരുമാനിച്ചാൽ ആസിഫിനെ ആദ്യം ഞാന്‍ തല്ലും ; പൃഥ്വിരാജ് പറഞ്ഞത് കേട്ടോ

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കാപ്പ. ഷാജി കൈലാസൊരുക്കുന്ന ചിത്രം ഡിസംബർ 22 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും.നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒരുമിക്കുന്ന സിനിമ കൂടിയാണ് കാപ്പ. ഷാജി കൈലാസ് ഒരുക്കുന്ന സിനിമയിലെ നായികമാരായി എത്തുന്നത് അപര്‍ണ ബാലമുരളിയും അന്ന ബെന്നുമാണ്. ഇപ്പോഴിതാ കാപ്പയുടെ പ്രൊമോഷന്റെ ഭാഗമായി ആസിഫ് അലിയും പൃഥ്വിരാജും റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖം ചര്‍ച്ചയായി മാറുകയാണ്.

കമ്മിറ്റ് ചെയ്ത മൂന്ന് സിനിമകളുടെ ഇടയില്‍ രാജമൗലിയെ പോലൊരു വലിയ സംവിധായകന്‍ വന്ന് മുന്നൂറ് ദിവസത്തെ ഡേറ്റ് ചോദിച്ചാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നായിരുന്നു ആസിഫിന്റെ മറു ചോദ്യം. താനാണെങ്കില്‍ ഈ മൂന്ന് സിനിമയുടേയും ക്രൂവിനോട് സംസാരിക്കുകയും അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യുമെന്നും അവര്‍ക്കത് മനസിലാകുമെന്നുമാണ് ആസിഫ് പറഞ്ഞത്.

പിന്നാലെ പൃഥ്വിരാജ് മറുപടി പറയുകയായിരുന്നു. ഞാന്‍ നിര്‍മ്മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യുന്നൊരു സിനിമയില്‍ ആസിഫ് കമ്മിറ്റഡ് ആണെന്നിരിക്കെ, ആസിഫ് രാജമൗലി സാറിന്റെ സിനിമ വേണ്ടെന്ന് വച്ചാല്‍ ആസിഫിനെ ആദ്യം ഞാന്‍ തല്ലും എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

താനാണെങ്കില്‍ എനിക്ക് ഇങ്ങനൊരു സിനിമ കിട്ടിയിട്ടുണ്ടെന്നും താനത് ചെയ്താല്‍ ഈ മൂന്ന് സിനിമകളുടെ മൂല്യം കൂടുമെന്നും പറഞ്ഞ് മനസിലാക്കുമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ഇതൊരു ടീം എഫേര്‍ട്ടാണെന്നും അത് മനസിലാക്കാത്ത ആരും ഇന്നും സിനിമയിലില്ലെന്നും പൃഥ്വിരാജ് പറയുന്നു.

കയ്യൊന്ന് കാണിക്കുമോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ റോളക്‌സല്ലെന്ന് ആസിഫ് അലി പറയുന്നുണ്ട്. റോഷാക്കിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ആസിഫിന് റോളക്‌സ് സമ്മാനിച്ചിരുന്നു. അത് കെട്ടാന്‍ പറ്റുന്നില്ല. കെട്ടിക്കഴിഞ്ഞാല്‍ എല്ലാവരോടും അതിന്റെ കഥ പറയേണ്ടി വരും. അതിനാല്‍ പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ കെട്ടാം എന്നാണ് കരുതുന്നതെന്നാണ് ആസിഫ് പറയുന്നത്.

കഥ കുറച്ച് പഴയതായിട്ട് കെട്ടാമെന്ന് പൃഥ്വിരാജ് പറയുന്നു. രണ്ട് സ്്ട്രാപ്പ് ശരിയാക്കാനുണ്ട്. പക്ഷെ അതിന് പോലും പറ്റിയിട്ടില്ലെന്നും ആസിഫ് അലി പറയുന്നു. പിന്നാലെ തല്‍ക്കാലം ഇന്ത്യയിലെ ഏറ്റവും ഫെയ്മസ് റോളക്‌സ് ആണതെന്ന് പൃഥ്വിരാജും കൗണ്ടറടിക്കുന്നുണ്ട്. ഓക്ഷന് വച്ചാല്‍ വലിയ വിലകിട്ടുമല്ലോ എന്ന് പറഞ്ഞപ്പോള്‍ അത് ഓക്ഷന് വെക്കരുതെന്ന് പറഞ്ഞാണ് തന്നതെന്നും ആസിഫ് അലി പറയുന്നുണ്ട്.

ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായി ആസിഫ് അലി പറയുന്നത് കാന്താരയാണ്. അതേസമയം താനും മൃദുലും തെയ്യം അടിസ്ഥാനമാക്കിയൊരു സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാല്‍ അന്നതിന് നിര്‍മ്മാതാക്കളെ കിട്ടിയില്ലെന്നാണ് ആസിഫ് അലി പറയുന്നു. പക്ഷെ കാന്താര വന്നതോടെ അന്ന് തങ്ങള്‍ കണ്ട നിര്‍മ്മാതാക്കള്‍ ആ സിനിമ നിങ്ങള്‍ അന്ന് ചെയ്യണമായിരുന്നുവെന്നു പറഞ്ഞുവെന്നും ആസിഫ് പറയുന്നുണ്ട്.

പൃഥ്വിരാജ് പറയുന്ന സിനിമകള്‍ കാന്താരയും ജഗനണ മനയും 777 ചാര്‍ലിയുമാണ്. ഈ വര്‍ഷം തങ്ങള്‍ കണ്ട ഏറ്റവും ഗംഭീര ടാലന്റായി പൃഥ്വിരാജ് പറയുന്ന പേര് ഋഷഭ് ഷെട്ടിയുടേതാണ്. കാന്താരയുടെ സംവിധായകനും നായകനുമാണ് ഋഷഭ്. എന്നാല്‍ ആസിഫ് അലി ഞാന്‍ തന്നെയാണെന്നാണ് പറഞ്ഞത്.

ജിആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പ. തിരുവനന്തപുരത്തെ ഗ്യാങ് വാറുകളുടെ കഥയാണ് സിനിമ പറയുന്നത്. ഡിസംബര്‍ 22 നാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം ജഗദീഷ്, ദിലീഷ് പോത്തന്‍, നന്ദു, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമൊക്കെ ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

AJILI ANNAJOHN :