ബാംഗ്ലൂർ ഡേയ്സ് മുതൽ വലിയ ഹിറ്റുകൾ ഉള്ള , പ്രിവില്ലേജ്‌ഡ്‌ ആർട്ടിസ്റ്റ് ആയ എന്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യമെന്താകും ? – പാർവതി

മലയാള സിനിമയിലെ ബോൾഡ് നടിയാണ് പാർവതി . നിലപാടുകൾ തുറന്നു പറയുന്ന പാർവതി അതിന്റെ പേരിൽ ഒരുപാട് ആക്രമണങ്ങൾ നേരിട്ടിട്ടുമുണ്ട് . എന്നാൽ അതിന്റെ പേരിൽ ഒന്നും നിശ്ശബ്ദയാകാൻ പാർവതി തയ്യാറല്ല. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെപ്പറ്റി തുറന്നു പറയുകയാണ് പാർവതി .

“അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിൽ അഭിനയിക്കും വരെ ഓരോ സിനിമകൾക്കിടയിലുള്ള ഇടവേള ഞാൻ സ്വയം തിരഞ്ഞെടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികൾ യഥേഷ്ടം തേടി വന്നിരുന്നു. എന്നാൽ കൂടെയിൽ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയല്ല. സിനിമയിലേക്കുള്ള വിളികൾ ുറഞ്ഞു. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ കാലമായിരുന്നു അത്.

ബാംഗ്ലൂർ ഡേയ്സ് മുതൽ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ്. വിജയ ചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച, ഇനിയും അത്തരം റോളുകൾ ലഭിക്കാൻ സാധ്യതയുളള ഒരു പ്രിവിലേജ്ഡ് ആർട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കിൽ അങ്ങനെയല്ലാത്ത ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും കാര്യമെന്താവും. പക്ഷേ ജോലിപോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കരുത്. അങ്ങനെ ഭയക്കുന്നവർ ഇപ്പോഴുമുണ്ട്. അതു മാറണമെങ്കിൽ കുറച്ചു വർഷങ്ങൾ കൂടിയെടുക്കും. അതിനു തുടക്കമായിട്ടുണ്ട്. 

ഒരു കൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ്. അങ്ങനെ ഒതുക്കപ്പെട്ടാൽ അതിനെ മറികടക്കാൻ സ്വന്തം സിനിമകളും അവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്നവരുടെ കൂട്ടായ്മ ഇപ്പോൾ ഇവിടെയുണ്ട്. എത്ര ട്രോളിയാലും അക്കാര്യത്തിൽ വ്യക്തിപരമായി ഏറെ ആത്മവിശ്വാസമുള്ള ആളാണ് ഞാനും. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഈ കാര്യത്തിലും വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നുണ്ട്. “- പാർവതി പറയുന്നു.

parvathy about issues in malayalam film industry

Sruthi S :