അച്ഛന്‍ മുസ്ലീമല്ലേ… നടി സീതയായാല്‍ ഹിന്ദു വികാരം വൃണപ്പെടും! രാജമൗലിയ്ക്ക് ട്വീറ്റുമായി സംഘപരിവാര്‍ അനുകൂലികള്‍

രാജമൗലി ചിത്രമായ ‘ആര്‍ആര്‍ആറിലൂടെ’ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടി ആലിയ ഭട്ട്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നത്. ഈ ചിത്രത്തില്‍ ആലിയ സീതയാവുന്നത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വാദം. ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ട് മുസ്ലീമായതിനാല്‍ താരം സീതയാവരുതെന്നും ട്വീറ്റുകളുണ്ട്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കുന്ന ചിത്രത്തിന് 450 കോടിയാണ് ബഡ്ജറ്റ്. ‘രൗദ്രം രണം രുദിരം’ എന്നാണ് പേരിന്റെ പൂര്‍ണരൂപം. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു. ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്. ആലിയക്ക് പുറമെ ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും തമിഴില്‍ നിന്ന് സമുദ്രക്കനിയെയും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും ചിത്രത്തിലുണ്ട്.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 10 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. 2021 ജനുവരി 8 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ തീയത് നീട്ടിയിരിക്കുകയാണ്. 2021 ല്‍ തന്നെ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

about aliya bhatt

Noora T Noora T :