മലയാള സിനിമയുടെ ‘സുകൃതം’ വിടവാങ്ങുമ്പോള്‍ ബാക്കിയാകുന്നത് ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ നെഞ്ചിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചുവെന്നുള്ള വാര്‍ത്ത സിനിമാ ലോകത്തെയാകെ പിടിച്ചുലയ്ക്കുന്നതാണ്. ദീര്‍ഘ നാളായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഈ മഹാപ്രതിഭ ഇകലോകവാസം വെടിഞ്ഞത്. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

രാമകൃഷ്ണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1956ലായിരുന്നു ഹരികുമാറിന്റെ ജനനം. സിനിമയുടെ ഒരു പശ്ചാത്തലവുമുണ്ടായിരുന്നില്ല ഹരികുമാറിന്. സിനിമയുമായി ബന്ധമില്ലാത്ത ഒരു കുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഹരികുമാറിന്റെ മനസ്സില്‍ വളരെ ചെറുപ്പത്തിലെ കയറി കൂടിയതായിരുന്നു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം. ഒരു സിനിമാക്കാരനാകാന്‍ അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ജീവിത പശ്ചാത്തലമായിരുന്നു ഹരികുമാറിന്റേത്. ഹരികുമാര്‍ സിനിമക്കാരനായി എത്രയോ കാലം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ജന്മഗ്രാമത്തില്‍ വൈദ്യുതിയെത്തിയത് തന്നെ.

ചെറുപ്പത്തില്‍ ഒരു സിനിമ കാണണമെങ്കില്‍ ഹരികുമാറിന് 16 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. അതും നഗരത്തില്‍ റിലീസായി ഒന്നോ രണ്ടോ കൊല്ലം മാത്രം കഴിഞ്ഞ് എത്തിയിരുന്ന സിനിമകള്‍. ഓടിപ്പഴകി പൊട്ടിപ്പൊളിഞ്ഞ പ്രിന്റുകള്‍ തിയേറ്ററിലെ മങ്ങിയ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ആവേശം കൊണ്ടിരുന്ന ബാല്യത്തില്‍ നിന്നാണ് ഹരികുമാര്‍ സിനിമയുടെ കോണിപ്പടികള്‍ കയറിയത്.

മലയാളത്തില്‍ സമാന്തര സിനിമ സജീവമായി നിന്ന കാലത്താണ് ഹരികുമാറിന്റെ കൈയൊപ്പുകള്‍ എത്തുന്നത്. ജീവിതഗന്ധിയായ ചിത്രങ്ങളായിരുന്നു ഹരികുമാറിന്റേത്. ആമ്പല്‍പ്പൂവ്’ മുതല്‍ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ വരെയുള്ള ചിത്രങ്ങളുടെ പിന്നില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യം ഉണ്ടായി.

എം ടി വാസുദേവന്‍, എം. മുകുന്ദന്‍, ശ്രീനിവാസന്‍, ശ്രീവരാഹം ബാലകൃഷ്ണന്‍, ലോഹിതദാസ്, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം, പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവരാണ് ഹരികുമാര്‍ ചിത്രങ്ങളുടെ തിരക്കഥകള്‍ എഴുതിയത്. മമ്മൂട്ടി, മധു, ഭരത് ഗോപി, നെടുമുടി വേണു, ഉണ്ണിമുകുനന്ദന്‍ എന്നിവരിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കാന്‍ ഹരികുമാറിന് കഴിഞ്ഞു.

മലയാളത്തിലെ മികച്ച 10 സിനിമകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് സുകൃതമായിരിക്കുമെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞത് വെറുതെയല്ലെന്ന് ഇന്നും ആ സിനിമയുടെ ദൃശ്യഭാഷ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സുകൃതം സിനിമ കഴിഞ്ഞ് 10 സിനിമകള്‍ സംവിധാനം ചെയ്തു. പക്ഷേ, സുകൃതത്തിന്റെ സംവിധായകന്‍ എന്നാണ് എപ്പോഴും ഹരികുമാറിനെ പറഞ്ഞിരുന്നത്. ആ വിളിയേയും അദ്ദേഹം മനസില്‍ എക്കാലവും നിധിപോലെ സൂക്ഷിച്ചിരുന്നുവെന്ന് വേണം പറയാന്‍.

മലയാളിയെ ചിന്തിപ്പിച്ച, കണ്ണുനനയിച്ച ചിത്രം ആയിരുന്നു സുകൃതം. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സുകൃതത്തിന് പൊന്‍തിളക്കം നല്‍കി. ഹരികുമാറെന്ന സംവിധായകന്റെ സിനിമകളില്‍ മാസ്റ്റര്‍ പീസാകുന്നത് സുകൃതം തന്നെയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷവും സുകൃതം മലയാള സിനിമയുടെ കലാമികവില്‍ തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്.

എന്തിനേറെ, ഹരികുമാര്‍ അവസാനം സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയ്ക്ക് തന്നെ ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം മുകുന്ദന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമ, ഹരികുമാറിന്റെ സംവിധാനം, നടി ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്, താരഭാരങ്ങളില്ലാത്ത ഓട്ടോക്കാരന്റെ റോളില്‍ സുരാജ്…എം മുകുന്ദന്റെ തന്നെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയാണ് ഹരികുമാര്‍ അഭ്രപാളിയിലെത്തിച്ചത്.

എം മുകുന്ദന്‍ എഴുതിയ കഥയില്‍ കഥ നടക്കുന്ന ദേശത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. എന്നാല്‍ സിനിമയുടെ പശ്ചാത്തലം മയ്യഴിയായിരുന്നു. അതിഭാവുകത്വമില്ലാതെ എവിടെയും നടക്കാവുന്ന കഥയാണ് എം മുകുന്ദന്റെ കഥയിലുള്ളത്. സിനിമയിലെത്തിയപ്പോള്‍ മാഹിയുടെ പ്രാദേശിക ഭാഷ കൂടി ചേര്‍ന്നു. എം മുകുന്ദന്റെ കഥകള്‍ വായിച്ച് മലയാളിക്ക് മാഹി എന്ന മയ്യഴിയോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. മാഹി പശ്ചാത്തലമാക്കിയാല്‍ നന്നാകും എന്ന നിര്‍ദേശം മുന്നോട്ടു വെച്ചതും ഹരികുമാര്‍ തന്നെ ആയിരുന്നു.

Vijayasree Vijayasree :