നടൻ നെടുമുടി വേണു അന്തരിച്ചു; കണ്ണീരോടെ സിനിമാലോകം

നടൻ നെടുമുടി വേണു അന്തരിച്ചു. ഹൃദയസംബന്ധമായ ആസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :