പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ യേശുദാസൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതാണ് മരണകാരണം.
ഇന്ന് പുലർച്ചെയാണ് അന്ത്യം.

കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവാണ് യേശുദാസന്‍. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനുമായിരുന്നു. മലയാളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെയാണ് കാര്‍ട്ടൂണിസ്റ്റായുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്.

മലയാള മനോരമയിൽ 23 വർഷം കാർട്ടൂണിസ്റ്റായിരുന്നു. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് യേശുദാസനാണ്.

മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ് യേശുദാസന്‍. മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം നേടിയിട്ടുണ്ട്. 2001ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് യേശുദാസന് ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക പുരസ്കാരം,എൻ.വി. പൈലി പുരസ്‌കാരം, ബി. എം. ഗഫൂർ കാർട്ടൂൺ അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. മേഴ്‌സിയാണ് ഭാര്യ. സാനു വൈ.ദാസ്, സേതു വൈ.ദാസ്, സുകുദാസ് എന്നിവരാണ് മക്കൾ

Noora T Noora T :