പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത്‌ പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും.

മലയാള സിനിമയില്‍ പാട്ടെഴുത്തിന്റെ 54 വര്‍ഷങ്ങള്‍ പിന്നിട്ട പൂവച്ചല്‍ 400 ലധികം സിനിമകള്‍ക്കായി 1200 ഗാനങ്ങളാണ് രചിച്ചത്. ആര്യനാട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കൈയെഴുത്ത് മാസികയില്‍ കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം. തൃശൂര്‍ വല്ലപ്പാട് ഗവ. പോളിടെക്‌നിക്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് പി.ഡബ്‌ളിയു.ഡിയില്‍ ഓവര്‍സിയറായി. വിജയനിര്‍മല സംവിധാനം ചെയ്ത ‘കവിത’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചത്.

ആദ്യം എഴുതിയത് ‘കാറ്റ്‌വിതച്ചവന്‍’ എന്ന സിനിമക്ക് വേണ്ടിയാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമയില്‍ നിന്ന് തുടങ്ങിയ ജീവിതം കാലഘട്ടങ്ങളിലൂടെയാണ് കടന്ന് വന്നത്. ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയ്ക്കും ‘പൂട്ട് ‘എന്ന സിനിമയ്ക്കുമാണ് അവസാനമായി ഗാനം രചിച്ചത്. സ്വയംവരത്തിനു പന്തലൊരുക്കി, നമുക്കു നീലാകാശം,അക്കരെ പോകാന്‍, കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എ.എം.ഐ.ഇ പാസായി

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ!ഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.

കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു.

Noora T Noora T :