ദേശീയ ചലച്ചിത്ര പുരസ്‌കാരം; സ്ക്രീനിങ് ഉടൻ

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ ഇനിയും വൈകാന്‍ പാടില്ലെന്ന വിലയിരുത്തലിലാണ് മന്ത്രാലയം. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടനുണ്ടാകും.

വിവിധ ജൂറി അംഗങ്ങള്‍ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ ഭാഗമായി റീജനല്‍ സിനിമകള്‍ അടുത്തയാഴ്ച മുതല്‍ കണ്ടുതുടങ്ങും. മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണ്. മലയാളത്തില്‍ നിന്ന് 65 സിനിമകള്‍ ഇക്കുറി മത്സരത്തിനുണ്ട്. അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അവാര്‍ഡിനുള്ള സിനിമകള്‍ കണ്ടു വിധി നിര്‍ണയിക്കാന്‍ കുറഞ്ഞതു 40 ദിവസമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ ഫലപ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യത്തേക്കു നീളാനും സാധ്യതയുണ്ടെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐഎഫ്‌എഫ്‌ഐയുടെ മത്സര വിഭാഗത്തിലേക്കുള്‍പ്പെടെയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടുണ്ട്.

Noora T Noora T :