രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു, കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു…നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേയെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു

മലയാളത്തിന്‍റെ ഹിറ്റ് മേക്കർ സിദ്ദീഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. സിദ്ദിഖിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും പ്രേക്ഷകരും സിനിമാ ലോകവും മുക്തരായിട്ടില്ല.

സൗഹൃദങ്ങളായിരുന്നു സിദ്ദിഖിന്റെ പ്രധാന സമ്പത്ത്. സിദ്ദിഖിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കലാഭവൻ അൻസാർ. ഏകദേശം 45 വർഷക്കാലമായി സുഹൃത്തുക്കളാണ് ഇരുവരും. നടനും തിരക്കഥാകൃത്തുമൊക്കെയായ അൻസാർ പ്രേക്ഷകർക്കും പരിചിതനാണ്. സിദ്ദിഖിനെ സംവിധായകൻ ഫാസിലിന്റെ അടുക്കലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അൻസാർ.

ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് അൻസാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കുറച്ചു കാലമായി സിദ്ദിഖിന്റെ മുഖത്ത് കറുത്ത പാടുകൾ കാണുന്നുണ്ടായിരുന്നു. അതിൽ താൻ ആശങ്ക പ്രകടിപ്പിക്കുകയും പരിശോധിക്കാൻ പറയുകയും ചെയ്തിരുന്നുവെന്നാണ് അൻസാർ പറയുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ അൻസാർ.

സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു. അപ്പോഴും അസുഖത്തിന്റെ കാര്യങ്ങളൊന്നും അവൻ പറഞ്ഞില്ല. കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു. അഞ്ചെട്ടു മാസം മുമ്പ് ഞാൻ അവനോടു പറഞ്ഞു, ”സിദ്ദീഖേ… എന്താ നിന്റെ മുഖത്തിങ്ങനെ കറുപ്പ്? നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേ” എന്ന്. കൊച്ചിൻ ഹനീഫയ്ക്ക് സിറോസിസ് വന്നപ്പോൾ ഇതുപോലെ മുഖത്ത് കറുപ്പുണ്ടായിരുന്നു. അതോർത്താണ് ഞാൻ പറഞ്ഞത്’, ‘ആയുർവേദ മരുന്ന് ചെയ്യുന്നുണ്ടെന്നാണ് അന്ന് അവൻ പറഞ്ഞത്. പിന്നെ, ജോലിയുടെ ഭാഗമായി കുറച്ചു വെയിലു കൊണ്ടിരുന്നെന്നും അതു മൂലമായിരിക്കുമെന്നുമായിരുന്നു അവന്റെ മറുപടി. അല്ലാതെ അസുഖത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഉള്ളിലൊരു ഭയം തോന്നിയതുകൊണ്ടാണ് അന്ന് അങ്ങനെ ഞാൻ പറഞ്ഞത്. പിന്നെ കാണുന്നത് അവന്റെ മൃതദേഹമാണ്’, വേദനയോടെ അൻസാർ പറഞ്ഞു.

മകളുടെ അവസ്ഥയെ കുറിച്ച് ഓർത്തായിരുന്നു സിദ്ദിഖിന് ഏറെ ദുഃഖമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘മകളുടെ അവസ്ഥയെക്കുറിച്ച് സിദ്ദീഖിന് വലിയ ദുഃഖം ഉണ്ടായിരുന്നു. പക്ഷേ, ഇന്നേവരെ അക്കാര്യം ഞാൻ ചോദിച്ചിട്ടുമില്ല. അവൻ പറഞ്ഞിട്ടുമില്ല. അവനു വിഷമമാകുമോ എന്നു കരുതി ഞാൻ ആ വിഷയം സംസാരിക്കാറേ ഇല്ല’, കലാഭവൻ അൻസാർ പറഞ്ഞു.

എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കുന്ന പ്രകൃതമായിരുന്നു അവന്. ചെയ്യാൻ പോകുന്ന സിനിമകളുടെ കഥകൾ പുറത്തു പറയില്ല. ഇപ്പോൾ ദിലീപിനെ വച്ചും മമ്മൂക്കയെ വച്ചും രണ്ടു സിനിമകൾ പ്ലാൻ ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ പ്രോജക്ട് മുമ്പോട്ടു പോകുന്നതിന് ഇടയിലാണ് സിദ്ദീഖ് നമ്മെ വിട്ടു പിരിയുന്നത്’, അൻസാർ കൂട്ടിച്ചേർത്തു. സിദ്ദിഖിന്റെ ഏറ്റവും ഇളയ മകൾ സ്പെഷ്യൽ ചൈൽഡാണ്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ അത് തന്റെയൊരു ദുഃഖമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. അവളെ സന്തോഷത്തോടെ കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് കുടുംബമാണ് തന്റെ വീക്ക്നെസ് എന്നുമാണ് സിദ്ദിഖ് പറഞ്ഞത്.

Noora T Noora T :