15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസം മാത്രം വന്നു, കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപ്പോയി വിജയകുമാറിനെതിരെ സംവിധായകൻ

നടൻ വിജയകുമാറിനെതിരെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ. വിജയകുമാറിന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ‍ ആരോപിച്ചത്. തിരക്കഥ മാറ്റേണ്ടിവന്നുവെന്നും കൂട്ടിച്ചേർത്തു.

15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ കുറ്റപ്പെടുത്തി. ഇതുകാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടുവെന്നും സിദ്ദിഖ് കൊടിയത്തൂർ പറഞ്ഞു.

മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

ആകാശം കടന്ന് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. നവാ​ഗതനായ സിദ്ദിഖ് കൊടിയത്തൂർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഭിന്നശേഷിക്കാരനായ ഒരു യുവാവിന്റേയും കുടുംബത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്.

അടുത്തിടെ വിജയകുമാറിനെതിരെ മകൾ അർഥനയും എത്തിയിരുന്നു. വിജയകുമാർ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെനായിരുന്നു അർഥന പറഞ്ഞത്. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി കുറിച്ചു. ഈ സംഭവത്തിൽ വിശദീകരണവുമായി വിജയകുമാർ എത്തിയിരുന്നു

Noora T Noora T :