ഇന്നസെന്റ് ആശുപത്രിയില്‍, ഗുരുസ്തരാവസ്ഥയിലോ? പ്രാർത്ഥനയോടെ മലയാളികൾ

പ്രശസ്ത നടനും എംപിയുമായിരുന്ന ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം ഗുരുതരമായെന്നും എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കാന്‍സർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സർ വാർഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

കാന്‍സർ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.

സംവിധായകൻ മോഹൻ മുഖേനയാണ് ഇന്നസെന്റ് സിനിമാരംഗത്തു വരുന്നത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

Noora T Noora T :