ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിട്ടില്ല… കേസ് 25ാം തിയ്യതിയിലേക്ക് വെച്ചിരിക്കുകയാണ്; നടന്നത് ഇതാണ്

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയലക്ഷ്യ കേസ് നേരിടുന്നത്. ന്യായാധിപരെയോ കോടതിയേയോ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായി വ്യക്തമാക്കിയിരുന്നു.. രേഖാമൂലം ഇക്കാര്യങ്ങള്‍ നല്‍കാന്‍ ബൈജുവിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കോടതിയലക്ഷ്യക്കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞുവെന്ന റിപ്പോർട്ടുകളെ തളളിയിരിക്കുകയാണ് അഭിഭാഷകയായ ടിബി മിനി. കോടതിയിൽ നടന്നത് എന്താണോ അതല്ല മാധ്യമങ്ങളിൽ വന്നതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ ടിബി മിനി വ്യക്തമാക്കി. കോടതി അതിജീവിതയ്ക്ക് എതിരെ എന്ന തരത്തിൽ വന്ന വാർത്തകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ് എന്നും ടിബി മിനി ചൂണ്ടിക്കാട്ടി.

ടിബി മിനിയുടെ വാക്കുകള്‍:

”ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിട്ടില്ല. കേസ് 25ാം തിയ്യതിയിലേക്ക് വെച്ചിരിക്കുകയാണ്. നേരത്തെ അതിജീവിതയ്ക്ക് എതിരെ കോടതി എന്ന തരത്തില്‍ മാധ്യമങ്ങള്‍ വലിയ പ്രചാരണം നടത്തിയിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. അന്ന് ഉണ്ടായത്, കോടതി പറഞ്ഞു ‘നിങ്ങള്‍ കോടതിക്ക് എതിരെ വലിയ ആക്ഷേപങ്ങളാണ് ഉന്നയിച്ച് കൊണ്ടിരിക്കുന്നത്, ശരിയല്ലെങ്കില്‍ നടപടിയെടുക്കും’.

താന്‍ പറഞ്ഞു, ഫോര്‍വേര്‍ഡ് നോട്ട് പോയിട്ടുണ്ടെന്നും ഫോറന്‍സിക് പരിശോധനാ ഫലം വന്നത് വളരെ ഗൗരവമുളളതാണ് എന്നുമാണ്. എങ്കില്‍ അത് വിശദമായി കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. ഇതൊന്നും പറയാതെ കോടതി അതിജീവിതയ്ക്ക് എതിരെ വലിയ ശിക്ഷ നടപ്പാക്കും എന്നൊക്കെ പറഞ്ഞ് വലിയ വാര്‍ത്തകള്‍ വന്നു. ബൈജു കൊട്ടാരക്കര കോടതിയില്‍ നില്‍ക്കുമ്പോള്‍ ഫോണ്‍ റിംഗ് ചെയ്ത സംഭവത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു.

മനപ്പൂര്‍വ്വമായി കോടതിയെ മോശപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല എന്നുളള സത്യവാങ്മൂലം ബൈജു കൊടുത്തിട്ടുണ്ട്. ഒരു ജില്ലാ ജഡ്ജി ആണ് പരാതി കൊടുത്തിരിക്കുന്നത്. ബൈജുവിനെ കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ആദ്യം മുതല്‍ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര. നടിയും ബൈജുവും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. എത്രയോ നാളായി സിനിമയില്‍ നില്‍ക്കുന്നവരാണ്.

അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുളള ദൃശ്യം വേറൊരാള്‍ വിവോ ഫോണിലിട്ട് കണ്ടു എന്നൊക്കെ പറയുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് വേണ്ടത്ര നടപടി ഉണ്ടായില്ലെന്ന വിമര്‍ശനം ബൈജുവിന് ഉണ്ടാകാം. അതില്‍ വൈകാരികമായി ബൈജു പ്രതികരിച്ചിട്ടുണ്ടാകാം. അങ്ങനെ പ്രതികരിക്കുമ്പോള്‍ ബൈജു വൈകാരികമായിപ്പോയിരിക്കാം”.

Noora T Noora T :