ജുഡീഷ്യറിയെ ഉൾപ്പെടെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നു,പണത്തിന് മീതെ പരുന്തും പറക്കില്ല, ദിലീപ് ചെയ്തത് ഞെട്ടിക്കുന്നു! അതിജീവിതയുടെ ആ വിശ്വാസം തകരുന്നു

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗ ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന പീഡന പരാതി വ്യാജമാണെന്ന് തുടക്കം മുതൽ തന്നെ വ്യക്തമായ കാര്യമാണെന്നാണ് അഭിഭാഷക ടിബി മിനി പറയുന്നത്. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാൻ സാധിക്കുമെന്ന സാഹചര്യം കേരളത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിയെ ഉൾപ്പെടെ എട്ടാം പ്രതി ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും മിനി പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിനി.

അവരുടെ വാക്കുകളിലേക്ക്

ഇതൊരു വ്യാജ പരാതിയാണെന്ന് തുടക്കം മുതലേ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നിരുന്നാലും ഒരു പരാതി നൽകിയാൽ അക്കാര്യത്തിൽ അന്വേഷണം നടത്തുകയെന്നത് ചെയ്യേണ്ട കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിനെ അപകീർത്തിപ്പെടുതി. സാക്ഷിയുടെ വിശ്വാസ്യത തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപ് അനൂകൂല കേന്ദ്രങ്ങൾ ഇത്തരം ഒരു പരാതി ഓപറേറ്റ് ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാൽ ഇത്രയൊക്കെ കാര്യങ്ങൾ ദിലീപ് ചെയ്യുമ്പോഴും അയാൾ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇപ്പോഴും സമൂഹത്തിൽ ഉണ്ടെന്നതാണ്. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാൻ സാധിക്കുമെന്ന സാഹചര്യം കേരളത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിയെ ഉൾപ്പെടെ എട്ടാം പ്രതി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്

അതിജീവിതയുടെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പച്ചവെള്ളം പോലെ തെളിഞ്ഞ് വന്നിട്ടും അതിന്റെ മേലെ കോടതിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നത് ഗുരുതരമായ കാര്യമാണ്. കോടതിക്ക് ഇതിൽ പങ്കില്ലെന്ന് കോടതി പറഞ്ഞ് കഴിഞ്ഞു. എന്നാൽ ആ പെൺകുട്ടിയുടെ സ്വകാര്യതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ട്.

നിയമം കോടതി നടപ്പാക്കുകയാണെന്ന് ജനങ്ങൾക്ക് കൂടി ബോധ്യപ്പെടേണ്ടതുണ്ട്. ദിലീപ് നിരപരാധിയാണെങ്കിൽ അയാളെ ശിക്ഷിക്കേണ്ട. എന്നാൽ ജുഡീഷ്യൽ പ്രോസസ് കൃത്യമായ നടക്കുക തന്നെ വേണം. നിരപരാധിയെന്ന് പറയുന്നയാളാണ് ഒരു വശത്ത് കൃത്രിമമായി കേസുണ്ടാക്കുകയും സ്വാധീനിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത്. മറുവശത്ത് കോടതിയിൽ നിന്നടക്കം നീതി ലഭിക്കുമെന്ന തോന്നൽ പോലും അതിജീവിതയ്ക്ക് ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്, ടിബി മിനി പറഞ്ഞു.

അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപ് പണത്തിന്റെ ഹുങ്കാണ് ഇവിടെ കാണിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. പണം വെച്ച് എന്തിനേയും വിലയ്ക്കെടുക്കുമെന്ന ഭീഷണിയാണ് അയാൾ മുന്നിൽ വെയ്ക്കുന്നത്. പണമുള്ളവനും പീഡിപ്പിക്കുന്നവനും അനീതി ചെയ്യുന്നവനും മാത്രം ജീവിച്ചാൽ മതി എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ കേസ് തുടങ്ങിയത് മുതൽ കുറ്റാരോപിതനായ ദിലീപ് കാണിച്ച് കൂട്ടിയ അതിക്രമങ്ങളെല്ലാം കോടതികൾക്ക് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് തങ്ങൾ ഇതൊന്നും കണ്ടില്ല ,കേട്ടില്ല എന്ന മട്ടിൽ കോടതികൾ പോകുന്നത്, ശാസിക്കേണ്ടവരെ ശാസിക്കാതെ , പെൺകുട്ടിയോടൊപ്പം നിൽക്കുന്നവനെ ക്രൂശിക്കുകയാണ് കോടതിയെന്നും അവർ പറഞ്ഞു.

Noora T Noora T :