കോടതി നിഷ്പക്ഷമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്, ദിലീപിന്റെ ആധി ഇതാണ്, ആത്മബന്ധങ്ങൾ ദൃഢപ്പെടുത്തുകയായിരുന്നു ,കൂർമ്മ ബുദ്ധിയിൽ ചെയ്ത് കൂട്ടിയത്; സംവിധായകൻ പറയുന്നു

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ നീക്കം.

എന്നാൽ ഇന്നലെ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജ‍ഡ്ജിയായി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്

കേസിൽ വിചാരണ കോടതി ജഡ്ജി നിഷ്പക്ഷമായിട്ടല്ല ഇടപെടുന്നതെന്ന് ആവർത്തിച്ചിരിക്കുകയാണ് സംവിധായകൻ പ്രകാശ് ബാരെ.സാക്ഷികൾ കൂറുമാറിയതും, തെളിവ് നശിപ്പിക്കപ്പെട്ടതുമെല്ലാം കോടതി അവഗണിക്കുകയാണ് ചെയ്തത്. നിഷ്പക്ഷമായല്ല വിചാരണ കോടതി ഇടപെടുന്നത് എന്ന് പറയാൻ ഇതിൽ കൂടുതൽ എന്ത് കാരണമാണ് വേണ്ടതെന്നും പ്രകാശ് ബാരെ ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

സംവിധായകന്റെ വാക്കുകളിലേക്ക്

എവിടെയാണ് ജഡ്ജി അവിടെയാണ് ഈ കേസ് എന്ന നിലയിലാണ് ഈ കേസ് പോകുന്നത്. വിചാരണ കോടതി ജഡ്ജി മാറുന്നതിന് മുൻപ് കേസിൽ വിധി പറയണം എന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി സുപ്രീം കോടതി വരെ പോയിരിക്കുകയാണ്. ഇവിടെ വലിയൊരു സോഷ്യൽ ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. അതായത് ഇപ്പോഴത്തെ പ്രശ്നം വിചാരണ കോടതി ജഡ്ജി വേണമെന്ന് ദിലീപും വേണ്ടെന്ന് അതിജീവിതയും പറയുന്നു എന്ന നിലക്കാണ് ചർച്ച.എന്നാൽ യഥാർത്ഥത്തിൽ അതല്ല പ്രശ്നം’.

‘ദിലീപ് പറയുന്നത് നൂറ് കണക്കിന് അഭിഭാഷകർ ഉണ്ടായാലും ഇവർ മാത്രം മതിയെന്നാണ്. എന്നാൽ ആരെ വെച്ചാലും ഇവർ ഇനി വേണ്ടെന്നതാണ് അതിജീവിതയുടെ നിലപാട്. ഒരു വനിതാ ജഡ്ജി തന്നെ വേണ്ടെന്നാണ് ഇപ്പോൾ നടിയുടെ നിലപാട്. കോടതി നിഷ്പക്ഷമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്’.

‘നിരവധി തവണ കോടതിയിൽ നിന്നും അവഹേളനം അനുഭവിച്ചതായും കരഞ്ഞ് പോകുന്ന സാഹചര്യം വരെ ഉണ്ടായെന്നും അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട്.കേസിൽ ഏറ്റവും നിർണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ അനധികൃതമായി ആക്സസ് ചെയ്തിട്ടുണ്ട്. അതും ഇന്റർനെറ്റ് കണക്ട് ചെയ്തിട്ടുള്ള പല മെസേജിംഗ് ആപ്പുകളും തുറന്ന ഫോണിൽ വരെ ഉപയോഗിച്ചു. ഇക്കാര്യം നേരത്തേ തന്നെ എഫ്എസ്എൽ അറിയിച്ചിട്ട് പോലും കോടതി പരിഗണിച്ചിരുന്നില്ല. സാക്ഷികൾ കൂറുമാറിയതും, തെളിവ് നശിപ്പിക്കപ്പെട്ടതുമെല്ലാം കോടതി അവഗണിച്ചു. നിഷ്പക്ഷമായല്ല വിചാരണ കോടതി ഇടപെടുന്നത് എന്ന് പറയാൻ ഇതിൽ കൂടുതൽ എന്ത് കാരണമാണ് വേണ്ടത്’.

‘നേരത്തേ വിചാരണ കോടതിയെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത മേൽ കോടതിയെ സമീപിച്ചെങ്കിലും കോടതി അക്കാര്യം അംഗീകരിച്ചില്ല. എന്നാൽ അത് കഴിഞ്ഞാണ് ഏറ്റവും വൃത്തികെട്ട തരത്തിലുള്ള കാര്യങ്ങൾ നടന്നത്. ഫോൺ ചോദിച്ച് കൊടുത്തില്ല, മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടു ഇതൊക്കെ നടന്നു’.

‘ ഈ ജഡ്ജിയെ പ്രതിരോധിക്കാനാണ് ദിലീപ് സുപ്രീം കോടതി വരെ പോയിരിക്കുന്നത്. അവർ പോകുന്നതിന് മുൻപ് വിചാരണ പൂർത്തിയാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാര്യത്തിലാണ് കുറ്റാരോപിതന് ആധി.ഇതൊക്കെ നടക്കുന്നതിന്റെ ബാക്ക് ഡ്രോപ്പിൽ നമ്മുക്ക് കാണാൻ സാധിക്കുന്ന മറ്റൊരു കാര്യവുമുണ്ട് ഈ ആത്മബന്ധങ്ങൾ ദൃഢപ്പെടുന്നതിന്റെ കഥ നമ്മൾ കേട്ട് കൊണ്ടിരിക്കുകയാണ്’.

‘എട്ടാം പ്രതി പറയുന്നത് ആക്രമിക്കപ്പെട്ട നടി അതിജീവിതയെ അല്ലെന്നാണ്. മുഴുവൻ സംഭവവും ഗൂഢാലോചനയാണെന്നാണ്. ഓടുന്ന വണ്ടിയിൽ നടി ആക്രമിക്കപ്പെട്ടത് , ആ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് എല്ലാം ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ആരോപിക്കുന്നത്’, പ്രകാശ് ബാരെ പറഞ്ഞു. ദിലീപിനെ അനുകൂലിക്കുന്ന രാഹുലിനെ പോലുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള വാദങ്ങളെ അംഗീകരിക്കാൻ കഴിയുമോയെന്നും പ്രകാശ് ബാരെ ചോദിച്ചു.

Noora T Noora T :