നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും, നടിയുടെ പേര് വെളിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസുകളിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക.

ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നേരത്തെ ജാമ്യഹർജികൾ പരിഗണിച്ച വേളയിൽ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്

അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

അതേസമയം ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബ്ലാക്ക്‌മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നുമാണ് വിജയ് ബാബുവിന്റെ വാദം. നടൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴികളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുമെല്ലാം പരിഗണിച്ചുകൊണ്ടാകും ഹർജിയിൽ കോടതിയുടെ അന്തിമ വിധി.

അതിനിടെ വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു.വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നൽകി.

Noora T Noora T :