ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തുകൊടുത്തത് ഈ നടൻ, പേര് പുറത്ത്! ചോദ്യം ചെയ്ത് പോലീസ്, കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് മൊഴി

നടൻ വിജയ് ബാബുവിനെതിരായ കേസിൽ അന്വേഷണം തുടരുകയാണ്. ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തില്‍ ഒരു നടന്‍ ഉള്‍പ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേസില്‍ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തിരിക്കുകയാണ്

വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി. ഇന്നലെ ആണ് മൊഴി എടുത്തത്.

വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.വിജയ് ബാബുവിന്‍റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. യാത്ര രേഖകൾ പോലീസിനെ കാണിച്ചു എന്നും സൈജു കുറുപ്പ് ഇന്നലെ മൊഴി നല്‍കി.

അതേസമയം യുവനടിയുമായി വിജയ് ബാബു കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതിനു സാക്ഷികളായ ഗായകന്റെയും ഭാര്യയുടെയും മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

നടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞു. ഇതേ തുടർന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.

Noora T Noora T :