സായി ശങ്കറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക്, ഐഫോൺ ഐപാഡ് തിരിച്ചുനൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സായി ശങ്കര്‍ അന്വേഷണസംഘത്തോടെ സമ്മതിച്ചിരുന്നു.

ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സായി ശങ്കറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക്, ഐഫോൺ ഐപാഡ് എന്നിവ തിരിച്ചുനൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

5,00,000 രൂപ ബോണ്ടും രണ്ട് ആൾ ജാമ്യത്തിലും ആണ് ഉപകരണങ്ങൾ തിരിച്ചുനൽകാൻ ഉത്തരവിട്ടിരിക്കുന്നത്.സായി ശങ്കറിന്റെ സാധന സാമഗ്രികളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നുമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. ഒന്നര മാസം കൂടിയാണ് ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജി പരി​ഗണിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്

Noora T Noora T :