ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കും; ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍

തന്റെ സഹോദരന്‍ ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്‍.

സിനിമാ ഗാനങ്ങളുടെ പകര്‍പ്പവകാശ വിവാദത്തില്‍ ഇളയരാജയ്‌ക്കെതിരേ വൈരമുത്തു നടത്തിയ പരാമര്‍ശങ്ങളാണ് ഗംഗൈ അമരനെ ചൊടിപ്പിച്ചത്. ഒരു ഗാനത്തിന്റെ ഈണത്തെപ്പോലെത്തന്നെ വരികള്‍ക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവര്‍ക്ക് ഇത് അറിയാമെന്നുമായിരുന്നു വൈരമുത്തു പറഞ്ഞത്.

പകര്‍പ്പവകാശത്തിന്റെ പേരില്‍ ഇളയരാജയും സംഗീത കമ്പനിയും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വരികളും പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈണം നല്‍കിയതിന്റെ പേരില്‍ പാട്ടിനുമേല്‍ ഇളയരാജയ്ക്ക് പൂര്‍ണ അവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതിയ തമിഴ് സിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഇളയരാജയെ വൈരമുത്തു വിമര്‍ശിച്ചത്. എന്നാല്‍, വൈരമുത്തു നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ലെന്ന് ഇതിനോട് പ്രതികരിച്ച ഗംഗൈ അമരന്‍ പറഞ്ഞു. ഇനിയും ഇത്തരം നടപടി തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കുമെന്നും പറഞ്ഞു.

Vijayasree Vijayasree :