ബ്ലാക്ക് മെയിലിംഗ് നടത്താനാണ് പരാതിക്കാരിയുടെ ശ്രമം; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു

നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ബ്ലാക്ക് മെയിലിംഗ് നടത്താനാണ് പരാതിക്കാരിയുടെ ശ്രമമെന്നാണ് ഹർജിയിൽ പറയുന്നത്.

ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി.

സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.

അതേസമയം,​ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ നടിയോടൊപ്പം കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴിയിൽ ഉള്ളത്. അഞ്ചിടങ്ങളിൽ പീഡനം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദുബായിലേക്ക് കടന്ന വിജയ്ബാബുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Noora T Noora T :