മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങിയതായി റിപ്പോർട്ട്. ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന പുരോഗമിച്ചുവരുന്നത്. മൂവരുടെയും നിർമാണ കമ്പനി ഓഫീസുകളിൽ മാത്രമാണ് നിലവിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

അതോടൊപ്പം തന്നെ തീയറ്റർ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മുൻനിര നിർമാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഈ ഇടപാടുകൾ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

കൂടാതെ നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സമീപകാലത്ത് മലയാള സിനിമകളൊന്നും തന്നെ തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാൽ നിരവധി സിനിമകൾ ഒടിടി ആയി റിലീസ് നടത്തുകയാണ് ചെയ്തത്. ഒടിടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്സിലൂടേയും നിർമ്മാതാക്കൾ വരുമാനം നേടുന്നതായാണ് റിപ്പോർട്ട്. ഇങ്ങനെ പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുകയും ചെയ്തിട്ടുണ്ട്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയിട്ടുമില്ല.

കൂടാതെ ചിത്രീകരണം പൂർത്തിയാക്കിയ 120-ഓളം മലയാള സിനിമകൾ റിലീസിനായി തയ്യാറായി നിൽക്കുന്നുണ്ട്. തീയേറ്ററുകൾ പതിയെ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും പല സിനിമകളും ഒടിടി റിലീസിലേക്ക് പോയേക്കും എന്ന സൂചനയും വരുന്നുണ്ട്.

Noora T Noora T :