അമ്പലത്തിൽ ചെന്ന് നടതുറന്ന് ദേവിയെ ദ​ർശിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു;നേഹ സക്‌സേന

ഏഴു വര്‍ഷമായി നേഹ സക്‌സേന സിനിമയിലെത്തിയിട്ട്. തുളു ഭാഷയില്‍ പുറത്തിറങ്ങിയ ‘റിക്ഷ ഡ്രൈവര്‍’ എന്ന ആദ്യചിത്രം തന്നെ നടിയെന്ന നിലയില്‍ നേഹയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘കസബ’യിലൂടെ 2016ല്‍ മലയാളത്തിലുമെത്തി.ശേഷം ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി നേഹ അഭിനയിച്ചു.സഖാവിന്റെ പ്രിയസഖി, പടയോട്ടം, ജീം ഭൂം ഭാം, ധമാക്ക, ആറാട്ട് തുടങ്ങിയവയാണ് നേഹ അഭിനയിച്ച മറ്റ് സിനിമകൾ. ഏതൊരു ഭാഷയിൽ അഭിനയിക്കുമ്പോഴും അവിടെയുള്ള ഭാഷ പഠിക്കുന്നതും സംസ്കാരം ഉൾക്കൊള്ളുന്നതും അവിടുത്തുകാർക്ക് താൻ നൽകുന്ന ബഹുമാനമാണെന്നാണ് നേഹ പറയുന്നത്.

മലയാളവും തമിഴും തെലുങ്കും കന്നടയും എല്ലാം നേഹയ്ക്ക് അറിയാം. മലയാള സിനിമയിൽ അഭിനയിക്കുക എന്നത് നേഹ​യുടെ സ്വപ്നമായിരുന്നു. മോഡലിങിലൂടെയാണ് നേ​ഹയുടെ തുടക്കം. നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോഷൂട്ടിന് ശേഷം അദ്ദേഹത്തിന്റെ മാനേജർ ജോർജാണ് നേഹ​യെ കസബയിൽ അഭിനയിക്കാൻ ക്ഷണിച്ചത്.
മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കണമേയെന്ന് ചോറ്റാനിക്കര അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് പറയുകയാണ് നേഹ ഇപ്പോൾ. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദൈവ വിശ്വാസം തനിക്ക് എത്രത്തോളമാണെന്നത് നേഹ വെളിപ്പെടുത്തിയത്. യാത്രകളോട് ഏറെ പ്രിയമുള്ള വ്യക്തി കൂടിയാണ് നേഹ.

ഒറ്റയ്ക്കുള്ള യാത്രകളാണ് നടി കൂടുതലും നടത്താറുള്ളത്. ‘അമ്പലങ്ങളും അത്തരത്തിൽ സ്പിരിച്വലായുള്ള സ്ഥലങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യത്തെ തവണ കൊച്ചിയിൽ ഷൂട്ടിന് വന്നപ്പോഴാണ് ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ ആദ്യമായി പോകുന്നത്.’

എപ്പോൾ അവസരം ലഭിച്ചാലും ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകും പ്രാർത്ഥിക്കും. ചോറ്റാനിക്കര അമ്മയാണ് മലയാള സിനിമയിൽ എനിക്ക് ബ്രേക്ക് കിട്ടാൻ സഹായിച്ചത്. തുടക്കത്തിൽ മോഡലിങിനും ഷോസിനും വേണ്ടിയാണ് ഞാൻ കേരളത്തിൽ വന്നിരുന്നത്. ആ സമയത്ത് പരിചയത്തിലുള്ള ഒരാളാണ് ചോറ്റാനിക്കര അമ്പലത്തെ കുറിച്ച് പറഞ്ഞത്. ശബരിമല സീസൺ സമയമായിരുന്നു. വൈകിട്ടാണ് പോയത്.’

‘കന്നട സിനിമകളിൽ ആയിരുന്നു ആ സമയത്ത് അഭിനയിച്ചിരുന്നത്. ചോറ്റാനിക്കര അമ്പലത്തിൽ ചെന്ന് നടതുറന്ന് ദേവിയെ ദ​ർശിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു. അവിടെ നിന്ന് അന്ന് ഞാൻ പ്രാർത്ഥിച്ചു മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കണമെന്ന്.’അതിനുശേഷം എനിക്ക് ലഭിച്ച നേട്ടങ്ങളെല്ലാം അമ്മയുടെ അനു​ഗ്രഹമാണ്. അവിടെ പ്രാർത്ഥിച്ച് പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി സാറിനൊപ്പം ഫോട്ടോഷൂട്ടിന് അവസരം ലഭിക്കുന്നതും കസബ ചെയ്യുന്നതും. വിശ്വാസം വേണം. അമ്പലങ്ങൾ സന്ദർശിക്കുമ്പോൾ സമാധാനവും സന്തോഷവും ലഭിക്കും. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഞാൻ‌ സന്ദർശിച്ചിട്ടുണ്ടെന്നും’, നേഹ​ സക്സേന പറയുന്നു. അമ്മയാണ് നേഹയുടെ ബലം.

അമ്മയുടെ സന്തോഷത്തിന് വേണ്ടിയാണ് നേഹ ജീവിക്കുന്നത്. ‘എന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. കഴിവിന്റെ പരമാവധി അമ്മ എന്നെ നോക്കി. എനിക്ക് അമ്മ മാത്രമല്ല… അച്ഛനും സഹോദരിയും ബെസ്റ്റ് ഫ്രണ്ടും എല്ലാമാണ് അമ്മ. എന്തൊക്കെയുണ്ടെങ്കിലും അച്ഛന്‍ എന്ന ഒരാളുടെ നഷ്ടം അത് നഷ്ടം തന്നെയാണ്.’പല അവസരങ്ങളിലും അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയിട്ടുണ്ട്. ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയതില്‍ പിന്നെ അമ്മയെ വിശ്രമത്തിന് വിട്ടു. ഇരുപത്തിരണ്ടാം വയസില്‍ വിധവയാണതാണ് അമ്മ. അതിന് ശേഷം ഒന്നും കണ്ടിട്ടില്ല ആസ്വദിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ അമ്മയെ ഫ്രീയായി വിട്ടിരിക്കുകയാണ്. അമ്മ ആസ്വദിക്കട്ടെ.’

‘അമ്മ ഹാപ്പിയാണ്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്നും’, നേഹ കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ എത്തിയശേഷം അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തതുകൊണ്ട് പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും നേഹ അഭിമുഖത്തിൽ വെളിപ്പെടുത്തി.

AJILI ANNAJOHN :