ദയവ് ചെയ്ത് പൂവത്തുശ്ശേരി വിട്ടു പോകരുത്…. ഇനിയും 300 ഓളം പേര്‍ അവിടെ കുടുങ്ങി കിടപ്പുണ്ട്: വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് മുന്ന

ദയവ് ചെയ്ത് പൂവത്തുശ്ശേരി വിട്ടു പോകരുത്…. ഇനിയും 300 ഓളം പേര്‍ അവിടെ കുടുങ്ങി കിടപ്പുണ്ട്: വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് മുന്ന

തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് നടന്‍ മുന്ന കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. പൂവത്തുശ്ശേരി സെയ്ന്റ് ജോസഫ് പള്ളിയിലാണ് മുന്നയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ 2500ലധികം പേര്‍ കുടുങ്ങി കിടന്നത്. മുന്നയുടെ അഭ്യര്‍ത്ഥന മാധ്യമ ശ്രദ്ധ നേടിയതോടെ പൂവത്തുശ്ശേരി പള്ളയില്‍ കുടുങ്ങി കിടക്കുന്നവരെ സഹായിക്കാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എത്തിയെന്ന് മുന്ന ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. മരുന്നും ഭക്ഷണവുമടക്കമുള്ള സാധനങ്ങള്‍ അവരിലേക്ക് എത്തി തുടങ്ങിയെന്നും മുന്ന അറിയിച്ചു.

പൂവത്തുശ്ശേരിയിലുള്ള സെന്റ് ജോസഫ് പള്ളയില്‍ എന്‍.ഡി.ആര്‍.എഫ് എത്തിയിട്ടുണ്ടെന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അവര്‍ ചുമതല ഏറ്റെടുത്തു കഴിഞ്ഞതായും മുന്ന അറിയിച്ചു. എയര്‍ലിഫ്റ്റിങ് വഴി ജനങ്ങളെ രക്ഷിച്ചു തുടങ്ങി. ജനങ്ങളുടെ ദുരിതം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സന്നധ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും മുന്ന പറഞ്ഞിരിഞ്ഞു.

എന്നാല്‍ കുറച്ചു നേരങ്ങള്‍ക്ക് ശേഷം സഹായഭ്യര്‍ത്ഥനയുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ മുന്ന വീണ്ടുമെത്തി. പൂവത്തുശ്ശേരിയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നും അവരെകൂടി രക്ഷിക്കാതെ ആരും അവിടം വിടരുതെന്ന അഭ്യര്‍ത്ഥനയുമായാണ് മുന്ന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

മുന്നയുടെ വാക്കുകളിലേയ്ക്ക്-

പൂവത്തുശ്ശേരിയില്‍ നിന്നും വളരെ മോശം വാര്‍ത്തയാണ് കേള്‍ക്കുന്നത്. ജയന്തി റോഡ് പോത്തിശ്ശേരിയില്‍ വെള്ളത്തിന്റെ അളവ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്… ഇപ്പോഴും 200 300ല്‍ പരം ആളുകള്‍ ടെറസില്‍ കുടുങ്ങി കിടക്കുകയാണ്… എനിക്ക് യുഎസില്‍ നിന്നുംകോള്‍ വന്നിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു. അവിടെ ഇപ്പോഴും മൂന്ന് നാല് പേരുണ്ട് എന്നാണ് പറഞ്ഞത്… പൂവത്തുശ്ശേരി… നദിയുടെ അടുത്താണ്.. രാവിലെ ഞാന്‍ ഹാപ്പിയായിരുന്നു… പക്ഷേ ഇപ്പോള്‍ വളരെ നിരാഷയാണ്. പൂവത്തുശ്ശേരിയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പോകരുത്.. ഇപ്പോഴും അവിടെ ആളുകള്‍ അവിടെ കുടുങ്ങി കിടപ്പുണ്ട്.. പള്ളിയോട് ചേര്‍ന്നുള്ളവര്‍ മാത്രമാണ് സുരക്ഷിതര്‍. എന്നാല്‍ പൂവത്തുശ്ശേരിയിലുള്ള ജനങ്ങള്‍ സുരക്ഷിതരല്ല. അവര്‍ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആര്‍മിയും നേവിയും പൂവത്തുശ്ശേരിയില്‍ എത്തിയിരുന്നു. പക്ഷേ ശകതമായ ജലപ്രവാഹത്തെ തുടര്‍ന്ന് അവര്‍ക്ക് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്…എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണം. ജയന്തി റോഡിലേയ്ക്ക് എല്ലാവരുടെയും ശ്രദ്ധ കൊണ്ടുവരണം.

എന്റെ സുഹൃത്തുക്കളായ പ്രമോദ്, കെ.പി.ആന്റണി, എല്ലാവരും ഇപ്പോഴും ടെറസിലാണ്…. മൂന്നാമത്തെ നിലയിലാണ്.. വെള്ളത്തിന്റെ അളവ് കൂടിക്കൂടി വരികയാണ്. രക്ഷാപ്രവര്‍ത്തകര്‍ അവരുടെ ജോലി തുടരേണ്ടതാണ്. ഒരു മീഡിയയിലും പൂവത്തുശ്ശേരിയെ കുറിച്ച് പറയുന്നില്ല. കാരണം ഒരു മീഡിയയ്ക്കും അവിടെ എത്തിച്ചേരാന്‍ ആകുന്നില്ല. ഹെലികോപ്റ്റര്‍ വഴിയാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്… ഭക്ഷണവും വെള്ളവും എത്തിക്കുന്നതും ഹെലികോപ്റ്റര്‍ വഴിയാണ്. അതുകൊണ്ട് തന്നെ മീഡിയയ്ക്ക് അവിടെ എത്തിച്ചേരാന്‍ ആകുന്നില്ല. അതു വളരെ മോശമായി ബാധിച്ചിരിക്കുകയാണ്… അതുകൊണ്ട് ദയവു ചെയ്ത് പൂവത്തുശ്ശേരി വിട്ടു പോകരുത്.. പൂവത്തുശ്ശേരിയില്‍ 100 ഓളം പേര്‍ ഒരു ക്ഷേത്രത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇപ്പോള്‍ ജയന്തി റോഡാണ് ഏറ്റവും മോശമായ അവസ്ഥ നേരിടുന്നത്. ഒരുപാട് നല്ല വാര്‍ത്തകള്‍ കേട്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ വാര്‍ത്തയാണ് പൂവത്തുശ്ശേരിയില്‍ നിന്നും കേള്‍ക്കുന്നത്. അവിടേയ്ക്കുള്ള റൂട്ട് ആവശ്യമെങ്കില്‍ അതും പറഞ്ഞു തരാം…


അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കണമെന്നപേക്ഷിച്ചുള്ള കഴിഞ്ഞ ദിവസത്തെ മുന്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ്‌റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണ്. 300ലധികം ആളുകളാണ് മുമ്പ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറണ്ടോ ഫോണോ ഒന്നുമില്ല. പള്ളിക്കകത്ത് വരെ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്. എന്നാല്‍ എല്ലാവരും ഇതവഗണിക്കുകയാണ്. ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണം.


Munna Simon once again in facebook live

Farsana Jaleel :