സ്ത്രീപ്രേക്ഷകരുടെ കൂടുതൽ തിരക്ക് ; കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ ഹിറ്റിലേക്ക്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദിലീപ് നായകനായ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ വലിയ വിജയത്തിലേക്ക്. റിലീസ് ദിനം മുതല്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ഒരാഴ്ച പിന്നിട്ടിട്ടും ഒരുകുറവും വന്നിട്ടില്ല. സ്ത്രീപ്രേക്ഷകരുടെ വലിയ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. അവധി ദിനങ്ങളായതിനാല്‍ തന്നെ ശനിയും ഞായറും മിക്ക തിയേറ്ററുകളും ഹൗസ് ഫുള്‍ ആയിരുന്നു. വിദേശത്തും ചിത്രം ഹിറ്റായി കഴിഞ്ഞു.

അഞ്ച് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്തുകോടി രൂപയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയുടെ ആഗോളകലക്ഷനാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. കേരളത്തില്‍ നിന്നും പുറത്തുനിന്നുമായുള്ള തിയറ്റര്‍ കലക്ഷന്‍ തുക മാത്രമാണിത്.

ഈ അടുത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയ ബിസിനസ്സ് ആണ് കോടതിസമക്ഷം ബാലന്‍ വക്കീലിലൂടെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനികളാണ് സ്വന്തമാക്കിയത്. ബോളിവുഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍.

കോമഡിക്ക് പ്രാധാന്യം നല്‍കിയും അതേസമയം ഒരു ത്രില്ലറുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. ലെന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശിയും സിത്താര കൃഷ്ണകുമാറുമാണ് ഗായകര്‍.

more women audience for the show of kodathisamaksham balan vakkeel

HariPriya PB :