മോഹൻലാലിന്റെ കരിയറിൽ റെക്കോർഡുകൾ ഭേദിച്ച മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗം എപ്പോഴാണെന്നും ആരാധകർ ചോദിച്ചിരുന്നു.
എന്നാൽ കൃത്യമായ മറുപടിയൊന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ദൃശ്യത്തിന് മൂന്നാം ഭാഗത്തിന് വരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മോഹൻലാൽ. സുഹാസിനിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് ദൃശ്യം 3 നെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്.

ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പേ സംവിധായകൻറെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവർക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആൻറണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേൾക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്.
കുടുംബത്തിന് വേണ്ടി നിൽക്കുന്ന ഒരാൾ എന്നതായിരുന്നു ആ ചിത്രത്തിൽ ആളുകൾക്ക് താൽപര്യമുണ്ടാക്കിയ ഘടകം. ആറു വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവർ ചിത്രം കണ്ടു.
അടുത്തിടെ ഗുജറാത്തിൽ ചിത്രീകരണം നടക്കുമ്പോൾ അവിടത്തുകാരായ നിരവധിപേർ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതൽ മലയാളം സിനിമകൾ കാണാൻ തുടങ്ങി. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ എന്നും മോഹൻലാൽ പറഞ്ഞു.