സംവിധായകൻ ഷോട്ട് കട്ട് പറഞ്ഞിട്ടും ലാലേട്ടൻ കരച്ചിൽ നിർത്താതെ തുടർന്നു ;ആളുകൾ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടുപോയി ; അന്ന് സംഭവിച്ചത്

തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ.കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ ചരിത്രത്തിലെ ഏറ്റവും മോശം സമയത്താണുള്ളതെങ്കിൽ പോലും മോഹൻലാലിന്റെ ഐക്കോണിക് സിനിമകളെയും കഥാപാത്രങ്ങളെയും ആർക്കും തള്ളിക്കളയാൻ പറ്റില്ല. ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖർ മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മോ​ഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഇദ്ദേഹത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ തിയറ്ററിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം സിനിമയിലെ ജിമിക്കി കമ്മൽ എന്ന ​ഗാനം വൻജനപ്രീതി നേടി. സിനിമയുടെ ഷൂട്ടിനിടെ മോഹൻലാലിന്റെ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് ബെന്നി പി നായരമ്പലം സംസാരിച്ചത്.അഭിനയിച്ച് കൊണ്ടിരിക്കുന്ന കഥാപാത്രമായി അഭിനേതാവ് മാറിപ്പോകുന്നതാണ് സിനിമയുടെ പ്രമേയം. അതിന്റെ ഭാ​ഗമായി ഒരു സീനിൽ ലാലേട്ടൻ കരച്ചിൽ നിർത്താതെ തുടർന്നു. സംവിധായകൻ ഷോട്ട് കട്ട് ചെയ്യുന്ന ശബ്ദം അവിടെ കൂടിയിരുന്നവർ കേട്ടു. കരച്ചിൽ നിർത്താത്ത ലാലേട്ടനെ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് പോകുന്നുണ്ട്.

അത് അവിടെ കൂടിയ ആളുകൾ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ പിന്നീട് വൈറലായി മാറി.അഭിനയം നിർത്താതെ ലാലേട്ടൻ കരയുന്നു എന്ന് പറഞ്ഞാണ് ദൃശ്യങ്ങൾ വൈറലായത്. യഥാർത്ഥത്തിൽ സിനിമയുടെ കഥയായിരുന്നു അതെന്ന് സിനിമ റിലീസ് ചെയ്ത ശേഷമാണ് ആളുകൾ മനസിലാക്കുന്നത്. നടൻ കഥാപാത്രത്തിൽ നിന്ന് മാറാതെ അയാൾ കഥാപാത്രമായി മുന്നോട്ട് പോകുന്ന സീനാണെന്ന് പ്രേക്ഷകന് അപ്പോഴാണ് മനസ്സിലായതെന്നും ബെന്നി പി നായരമ്പലം വ്യക്തമാക്കി. സഫാരി ടിവിയോടാണ് പ്രതികരണം.


സിനിമയുടെ ഷൂട്ടിം​ഗിലെ മറ്റ് അനുഭവങ്ങളും ബെന്നി പി നായരമ്പലം സംസാരിച്ചു. ലാലേട്ടന് സിനിമയിൽ രണ്ടാമതൊരു ​ഗെറ്റപ്പുണ്ട്. സിനിമയുടെ ക്രൂവിന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ​ഗെറ്റപ്പ് എങ്ങനെയാണെന്ന് അറിയില്ല. ഷൂട്ട് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ലാലേട്ടൻ ഈ ​ഗെറ്റപ്പിൽ കയറി വന്നു. ഓഡിറ്ററോയത്തിലെ എല്ലാ കുട്ടികളും എഴുന്നേറ്റ് കൈയടിച്ചു. ഹർഷാരവത്തോടെയാണ് നടനെ സ്റ്റേജിലേക്ക് കയറ്റിയതെന്നും ബെന്നി പി നായരമ്പലം ഓർത്തു.

മോഹൻലാൽ, ബെന്നി പി നായരമ്പലം, ലാൽ ജോസ് എന്നിവരെ സംബന്ധിച്ചിടത്തോളം കരിയറിലെ കനത്ത പരാജയങ്ങളിൽ ഒന്നായിരുന്നു വെളിപാടിന്റെ പുസ്തകം. ബെന്നി പി നായരമ്പലം-ലാൽ ജോസ് കൂട്ടുകെട്ടിൽ എന്നും സിനിമാ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വെളിപാടിന്റെ പുസ്തകം ആ പ്രതീക്ഷ തെറ്റിച്ചു. 2017 ലാണ് സിനിമ റിലീസ് ചെയ്യുന്നത്.മോഹൻലാലിന്റെ പരാജയങ്ങൾ സിനിമാ ലോകത്ത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളെടുത്താൽ നടന് ഹിറ്റുകളേ ഇല്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പറ്റുന്ന പിഴവ് തുടരെ ആവർത്തിക്കുന്നതും ഇതിന് ആക്കം കൂട്ടി. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മോശം വർഷമായാണ് 2022 സിനിമാ പ്രേക്ഷകർ കണ്ടത്.

ഈ വർഷം പ്രേക്ഷകരുടെ പരാതി മോഹൻലാൽ അവസാനിപ്പിക്കുമെന്ന് ഏവർക്കും പ്രതീക്ഷയുണ്ട്. മാലൈക്കോട്ടെെ വാലിബൻ ആണ് മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി ആദ്യമായി മോഹൻലാലിനെ വെച്ച് ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. പഴയ മോ​ഹൻലാലിനെ തിരിച്ച് കൊണ്ട് വരാൻ ലിജോയ്ക്ക് കഴിയുമെന്ന് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നു.

AJILI ANNAJOHN :