ആ വാർത്ത ഒരു മരണ വാർത്ത പോലെ എന്നെ വേദനിപ്പിച്ചുവെന്ന് മോഹൻലാൽ

അയൽരാജ്യമായ ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഒരിക്കലും ഇന്ത്യയിലേക്ക് എത്തില്ലെന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യക്കാർ. ഒടുവിൽ ഇന്ത്യയിലേക്കും പിന്നീടത് കേരളത്തിലേക്കും എത്തി നിൽക്കുകയാണ് . ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ് കേരളം. ഈ ഒരു പശ്ചാത്തലത്തിൽ സിനിമ താരങ്ങളും ജാഗ്രത നിർദേശങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേദനിപ്പിക്കുന്ന ചില വാര്‍ത്തകളെ കുറിച്ച് മോഹൻലാലിൻറെ പ്രതികരണം മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്

വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് താമസിക്കാന്‍ ഹോട്ടലുകളും റിസോട്ടുകളും കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന വാര്‍ത്ത തന്നെ വേദനിപ്പിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വാഗമണ്ണിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇറ്റലിക്കാരനായ വിനോദസഞ്ചാരിക്ക് താമസിക്കാന്‍ മുറികിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹം പള്ളി സെമിത്തേരിയിൽ ഉറങ്ങുകയായിരുന്നു. ഇയാള്‍ താമസത്തിന് വേണ്ടി ഹോട്ടലുകളും റിസോര്‍ട്ടുകളും തപ്പിയെങ്കിലും മുറി കിട്ടിയില്ല. കൊറോണ ഭീതിയെ തുടര്‍ന്ന് വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടച്ചിരിക്കുകയായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചെങ്കിലും പെലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ സ്ഥലം കാലിയാക്കിയിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലേക്കു പോയവരാണ് ഇയാള്‍ സെമിത്തേരിയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടത്

ഒരു മാധ്യമത്തോട് മോഹന്‍ലാല്‍ നല്‍കിയ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…

‘ഇറ്റലിയില്‍ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകള്‍ മുറി കൊടുക്കാതെ വന്നപ്പോള്‍ സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാര്‍ത്ത കണ്ടു. ഒരു മരണവാര്‍ത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാര്‍ത്തകൂടി വായിച്ചു തീരുമ്ബോള്‍ വേദന ഇരട്ടിയാകുന്നു. ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്ബാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച്‌ ഈ നാടു കാണാന്‍ വരുന്നവരാകും. അവരോടു നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമ്മുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ?.

ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? സമ്ബത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിന് വേണ്ടി

ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം
എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ ലാല്‍ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്

mohanlal

Noora T Noora T :