കുഴപ്പമുണ്ടാക്കാനും മോശം കാര്യത്തിനുമല്ല സംഘടന രൂപീകരിക്കുന്നത് – മിയ

കുഴപ്പമുണ്ടാക്കാനും മോശം കാര്യത്തിനുമല്ല സംഘടന രൂപീകരിക്കുന്നത് – മിയ

മലയാള സിനിമയിലേക്ക് പതുക്കെ പതുക്കെ ചുവട് വച്ച നടിയാണ് മിയ. സീരിയലിലൂടെ മിനിസ്ക്രീനിലേക്കാണ് മിയയുടെ തുടക്കം. പിന്നീട് നായകന്റെ സഹോദരിയായും മറ്റു ചെറിയ വേഷങ്ങളിലൂടെയാണ് മിയ നായികയായി സിനിമയിലെത്തുന്നത്. സ്ത്രീകൾ ഏറെ പ്രശ്നം നേരിടുന്ന മേഖലയാണ് സിനിമ. ഒട്ടേറെ പ്രശ്നങ്ങൾ മലയാള സിനിമയെ തന്നെ ബാധിച്ച സമയത്ത് സ്ത്രീ സുരക്ഷയെ പറ്റിയും വനിതാ സംഘടനയെ പറ്റിയും മിയ സംസാരിക്കുന്നു.

“സ്ത്രീസുരക്ഷ എന്നത് ഒരു പ്രഫഷനെ മാത്രം എടുത്തു നോക്കേണ്ട കാര്യമല്ലല്ലോ. കുറെ പ്രശ്നങ്ങൾ പല ഭാഗങ്ങളിൽ നിന്നായി കേൾക്കുന്നുണ്ട്. വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സ്ത്രീ സുരക്ഷിതയല്ല. മലയാള സിനിമയിലെ സ്ത്രീകളുടെ കാര്യമെന്നല്ലാതെ സ്ത്രീകൾക്ക് പൊതുവെയുണ്ടാകുന്ന പ്രശ്നം എന്ന രീതിയിൽ ഇതിനെ നോക്കിക്കാണാനാണ് താൽപര്യപ്പെടുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആരായാലും. ” – മിയ പറയുന്നു.

മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയെ പറ്റി മിയ പറയുന്നു. ” എനിക്കതിനെക്കുറിച്ച് പറയാനറിയില്ല. നാലു വർഷമായി ഞാൻ അമ്മ സംഘടനയിലെ അംഗമാണ്. വിശുദ്ധൻ ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അംഗത്വമെടുക്കുന്നത്. സംഘടനയിലെ നിയമങ്ങൾക്കനുസരിച്ചു തന്നെയാണ് അതിൽ അംഗമായത്.

മറ്റുള്ള സംഘടനകളുടെ ഫോർമാറ്റ് എനിക്ക് അറിയില്ല. മോശം കാര്യത്തിനായോ കുഴപ്പമുണ്ടാക്കാനോ അല്ലല്ലോ ആരും എന്തെങ്കിലും തുടങ്ങുന്നത്. എന്തെങ്കിലും നന്മ ഉണ്ടാകാൻ തന്നെയാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യമാണെങ്കിൽ അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.”

miya george about women’s association

Sruthi S :