പോളിംഗ് പ്രചാരണത്തിനായി മമ്മൂട്ടി മാത്രമല്ല പ്രിയ നടി മിയയും !

നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ട് പ്രചാരണത്തിനിറങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടി മിയ. മിയയെപ്പറ്റിയുള്ള വിശേഷങ്ങൾ മലയാളികൾ കേട്ടിട്ട് കുറച്ച് നാളുകളായി. ഇപ്പോഴിതാ സ്വന്തം നാടായ കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എത്തിയിരിക്കുകയാണ് താരം.

സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ഭാഗമായുള്ള മിയയുടെ വീഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

“ഞാന്‍ ഒരു വോട്ടറാണ്. ഏപ്രില്‍ 23ന് എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിക്കും. എന്നെപ്പോലെ നിങ്ങളും വോട്ടവകാശം വിനിയോഗിക്കണം. സാക്ഷരതയില്‍ നൂറു ശതമാനം കൈവരിച്ച കോട്ടയത്തിന് ഇക്കുറി പോളിംഗിലും നൂറു ശതമാനം”വോട്ടർമാർക്കുള്ള മിയയുടെ സന്ദേശം ഇങ്ങനെ. ഇതിനു പുറമെ വിവിപാറ്റ് സംവിധാനത്തെക്കുറിച്ചുള്ള മറ്റൊരു വീഡിയോയുമുണ്ട്.

തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി പ്രചാരണം നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍ പറഞ്ഞു.

ഇലക്ഷൻ സമയത്ത് സിനിമാതാരങ്ങൾ പ്രചാരണത്തിന് കൊഴുപ്പേകാനും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി തരാനുമായി രംഗത്തിറങ്ങാറുണ്ട്. ഈ കഴിഞ്ഞ ദിവസം മമ്മൂട്ടിയും പ്രചാരണ പരിപാടികൾക്ക് ഒപ്പം നിന്നിരുന്നു.
വോട്ട് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടാനുമായി സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി.
എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് വോട്ടഭ്യര്‍ഥിച്ചാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ടി എൻ പ്രതാപന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ക്യാമ്പയിനും മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

miya for suffrage publicity

HariPriya PB :