പലരും എന്നില്‍ നിന്നും അകന്നു പോയി, ഭയങ്കര ഫ്രസ്‌ട്രേറ്റഡായി, പറ്റാത്ത പണിയെ കുറിച്ച് പലരും പുച്ഛിച്ചപ്പോള്‍ ജയസൂര്യ ചെയ്തത്; തുറന്ന് പറഞ്ഞ് ആട് സംവിധായകന്‍

പലരും എന്നില്‍ നിന്നും അകന്നു പോയി, ഭയങ്കര ഫ്രസ്‌ട്രേറ്റഡായി, പറ്റാത്ത പണിയെ കുറിച്ച് പലരും പുച്ഛിച്ചപ്പോള്‍ ജയസൂര്യ ചെയ്തത്; തുറന്ന് പറഞ്ഞ് ആട് സംവിധായകന്‍

ആടിന്റെ പരാജയത്തോടെ പലരും തന്നില്‍ നിന്നും അകന്നു പോയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യ നായകനായെത്തിയ ആടിന്റെ സംവിധായകനാണ് മിഥുന്‍ മാനുവല്‍.

ദുബായില്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന മിഥുന്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി പ്രശ്‌നത്തിലായപ്പോഴാണ് നാട്ടിലേക്ക് തിരിച്ചുവരുന്നത്. അതായിരുന്നു മിഥുന്റെ ജീവിതത്തിലെ വഴിത്തിരിവും. ദുബായില്‍ സുരക്ഷിതനായിരുന്നുവെങ്കില്‍ താനൊരിക്കലും സിനിമയിലേക്ക് എത്തില്ലായിരുന്നുവെന്നും മിഥുന്‍ പറയുന്നു.

മിഥുന്‍ മാനുവലിന്റെ ആദ്യ സംവിധാന സംരംഭവമായിരുന്നു ആട്. ആട് ഒന്നാം ഭാഗം പരാജയപ്പെട്ടങ്കിലും വളരെ വൈകി ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മിഥുന്‍ മാനുവല്‍ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ആട് 2 സൂപ്പര്‍ ഹിറ്റായി. എന്നാല്‍ ആട് ഒന്നാം ഭാഗത്തിന്റെ പരാജയം തന്നെ ഏറെ തളര്‍ത്തിയെന്ന് മിഥുന്‍ മാനുവല്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയ്ക്കിടെയാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ആട് തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നെന്നും ഏറെ പ്രതീക്ഷകളോട് കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചതെന്നും മിഥുന്‍ പറയുന്നു. ട്രെയിലറെല്ലാം ജനങ്ങള്‍ ഏറ്റെടുത്തു. പക്ഷേ സിനിമ പൊട്ടിപ്പോയി. നിനക്ക് കഥ എഴുതി നടന്നാല്‍ പോരേ, എന്തിനാണ് പറ്റാത്ത പണിക്ക് പോയതെന്ന് ഒരുപാട് പേര്‍ ചോദിച്ചു. സംവിധായകനായിപ്പോയതില്‍ ഞാന്‍ ഏറെ വിഷമിച്ചു. ചിത്രത്തില്‍ ചില എഡിറ്റുകള്‍ പറഞ്ഞപ്പോള്‍ എന്റെ പിടിവാശിക്ക് ഞാന്‍ കൂട്ടാക്കിയില്ല. ആദ്യ സിനിമയായതുകൊണ്ടായിരിക്കും താനന്ന് അങ്ങനെ സമ്മതിക്കാതിരുന്നതെന്നും മിഥുന്‍ പറയുന്നു.


ഞാന്‍ ഭയങ്കര ഫ്രസ്‌ട്രേറ്റഡായി. പക്ഷേ, രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഭയങ്കര വാശിയായി. എന്തായാലും നനഞ്ഞിറങ്ങി. ആദ്യ സിനിമ പരാജയപ്പെട്ടതുകൊണ്ട് ഞാനുമായി സഹകരിച്ചിരുന്നവരില്‍ പലരും അകന്നു. പരാജയപ്പെട്ടവനോടൊപ്പം ആരും ഉണ്ടാകില്ലല്ലോ. പക്ഷേ ജയേട്ടന്‍ കഥകേള്‍ക്കാന്‍ തയ്യാറായിരുന്നു. അതിനിടയില്‍ ആടിന്റെ ഡി.വി.ഡി ഇറങ്ങി. അന്ന് ശവക്കല്ലറ പൊളിച്ചുകൊണ്ട് ഷാജി പാപ്പനും കൂട്ടരും പുറത്തിറങ്ങി. ട്രോള്‍ ഗ്രൂപ്പുകളില്‍ എല്ലാം ആട് മയം. അപ്പോഴും രണ്ടാം ഭാഗം എടുക്കണമെന്ന് തോന്നിയില്ലെന്നും മിഥുന്‍ മാനുവല്‍ പറയുന്നു.

Mithun Manuel about Jayasurya and Aadu

Farsana Jaleel :