ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി തിയേറ്ററുകളെ വിറപ്പിച്ച ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചത്. 2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മാർക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തെത്തുന്നത്.
ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർക്കോ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. നെറ്റ്ഫ്‌ളിക്‌സാണ് മാർക്കോയുടെ സ്ട്രീമിങ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. തിയേറ്ററുകളിലെത്തി 45 ദിവസത്തിനുശേഷമാണ് മാർക്കോ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക.
തിയേറ്ററിൽ ഇല്ലാത്ത ഡിലീറ്റഡ് സീനുകൾ ഉൾപ്പെടെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും മാർക്കോയുടെ സ്ട്രീമിംഗ്. ഉത്തരേന്ത്യയിൽ 500 ലധികം തിയേറ്ററുകളിലാണ് മാർക്കോ കുതിപ്പ് തുടരുന്നത്. മാർക്കോ റിലീസിനെത്തി 11ാം ദിവസത്തിലേക്ക് കടക്കുമ്പോൾ1.65 കോടി രൂപയാണ് നേടിയിരിക്കുന്നത്.
മലയാള സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മോസ്‌റ്റ് വയലൻറ് ചിത്രം എന്ന ലേബലിൽ ആണ് മാർക്കോ പുറത്തിറങ്ങിയത്. എന്നാൽ മലയാളം സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമ കണ്ടതിൽവെച്ച് തന്നെ ഏറ്റവും വലിയ വയലന്റ് ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.