തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രധാനകഥാപാത്രമായി പുറത്തിറങ്ങുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം എന്ന പ്രത്യേകതയുണ്ട്. വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അൻവറിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിന്റെ വളരെ മനോഹരമായ ഒരു ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോ പോളിൻ്റെ വരികൾക്ക് സഞ്ജീവ് ടി ആണ് ഈണം പകർന്നിരിക്കുന്നത്. പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ചക്കാലയ്ക്കല്‍ ഫിലിംസിൻ്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
രണ്ട് ആര്‍ട്ടിസ്റ്റുകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചെറുപ്പം മുതലേ ഉള്ളിലുള്ള ഒരു കോംപ്ലക്സ് അലട്ടുന്ന വ്യക്തിയായാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അഭിനയിക്കുന്നത്. പുതുമുഖമാണ് നായിക. ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പറമ്പോൽ, ജൂഡ് ആൻ്റണി ജോസഫ്, വി കെ പ്രകാശ്, ഹരീഷ് പേരാടി, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്
manoharam official song teasar released