മോഹൻലാലിനൊപ്പം വരെ എനിക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട് – മഞ്ജു വാര്യർ

ആളുകൾ കാത്തിരുന്ന രണ്ടാംവരവായിരുന്നു ,മഞ്ജു വാര്യരുടേത് .എന്നാൽ പിന്നീട് അവർ വിമർശന പെരുമഴ അഭിമുഖീകരിക്കേണ്ടിവന്നു .കഴിഞ്ഞ വര്ഷം തന്നെ ഇത്രയധികം വിമര്ശനങ്ങൾ മറ്റൊരാൾ കേട്ടിട്ടുണ്ടാകില്ല.

ഒടിയനും ആമിയും സൃഷ്‌ടിച്ച വിവാദങ്ങൾക്കു പുറമെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി വ്യാപകമായ സൈബര്‍ ആക്രമണങ്ങളും മഞ്ജു വാര്യര്‍ നേരിട്ടിരുന്നു.

വിമര്‍ശനങ്ങള്‍ തന്നെ കാര്യമായി ബാധിക്കാറില്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. ക്രിയാത്മക വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുമെന്നും മഞ്ജു പറയുന്നു. ‘ദ ന്യൂസ് മിനിറ്റിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് ശ്രമിക്കുന്നത്. വിമര്‍ശനങ്ങള്‍ കാര്യമായി ബാധിക്കാറില്ല. നിങ്ങള്‍ ആത്മാര്‍ഥമായിട്ടാണ് ജോലി ചെയ്തതെന്ന് സ്വയം ഉറപ്പുണ്ടെങ്കില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളില്‍ സത്യമുണ്ടോയെന്ന് കോമണ്‍സെന്‍സുപയോഗിച്ച് തിരിച്ചറിയാന്‍ കഴിയും.  

ചില വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കും മറ്റു ചിലത് മനഃപൂര്‍വം വേദനിപ്പിക്കാനായിട്ടുള്ളവയാകാം. വിമര്‍ശനങ്ങള്‍ അടിസ്ഥാനമുള്ളവയാണെന്ന് തോന്നിയാല്‍ അതിന് അര്‍ഹിക്കുന്ന ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുമെന്നും മഞ്ജു പറഞ്ഞു. രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനെ കുറിച്ചും, ഇനിയും പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ചിത്രങ്ങളെ കുറിച്ചും മഞ്ജു പ്രതികരിച്ചു.

മികച്ച സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. അതിന് ഇനിയും സമയമുണ്ടെന്നാണ് കരുതുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്കായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കും. പരാതികളില്ല. മോഹന്‍ലാലിനെ പോലുള്ള വലിയ താരങ്ങളുടെ ചിത്രങ്ങളില്‍ പോലും ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ഗസ്റ്റ് റോളുകളിലും ശക്തമായ കഥാപാത്രങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ വിളിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രങ്ങളും ലഭിക്കുന്നതില്‍ സന്തോഷവതിയാണ്.

മികച്ച അണിയറപ്രവര്‍ത്തകരും താരങ്ങളുമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ജനങ്ങളിഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ്. അതില്‍ ഭാഗമാകാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുക. മമ്മൂട്ടിയോടൊപ്പം ഇതുവരെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും അങ്ങനൊരു അവസരം ലഭിക്കുമെന്നാണ് കരുതുന്നതും മഞ്ജു കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അടുത്ത മാസം തിയേറ്ററുകളിലെത്തും. ധനുഷ് വെട്രിമാരന്‍ ടീം ഒരുക്കുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും മഞ്ജു ഈ വര്‍ഷം അരങ്ങേറ്റം കുറിക്കും.

manju warrier about movies

Sruthi S :