ലാവൻഡറിന്റെ സുഗന്ധവും സ്നേഹവും പൊട്ടിച്ചിരികളും നിറഞ്ഞയിടം, ; വൈറലായി ചിത്രങ്ങൾ

മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, മഞ്ജു വാര്യർ എന്നിവർ. മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡർ തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. താരങ്ങൾക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.

ഇറ്റ്സ് ലാവൻഡർ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, ഫ്രെണ്ട്സ് ഫോറെവർ എന്നിവയാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റ്. ‘ലാവൻഡറിന്റെ സുഗന്ധവും സ്നേഹവും പൊട്ടിച്ചിരികളും നിറഞ്ഞയിടം,’ എന്നാണ് ചിത്രങ്ങൾക്കൊപ്പം പിഷാരടി കുറിച്ചത്.

മാഞ്ചസ്റ്ററിൽ ഒരു അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായെത്തിയതാണ് താരങ്ങൾ. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. താരനിശയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ശേഷം ലണ്ടൻ നഗരം ചുറ്റുകറങ്ങുന്നതിനിടയിൽ താരങ്ങൾ പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.


മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുൽഫത്തും മാഞ്ചെസ്റ്ററിൽ എത്തി. മമ്മൂട്ടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യർ ആയിരുന്നു. അത്തരമൊരു അവസരം തേടിയെത്തിയതിലുള്ള സന്തോഷവും മഞ്ജു പങ്കുവച്ചിരുന്നു.

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുമായി ലണ്ടൻ നഗരം കറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു. മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റ് കഴിഞ്ഞ താരം കാറോടിച്ചാണ് ലണ്ടനിലേക്ക് പോയത്. ലണ്ടനിൽ കുറച്ച് ദിവസങ്ങൾ കൂടി താമസിച്ചിട്ടാകും മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് മടങ്ങുക.

AJILI ANNAJOHN :