ഒമർ ലുലുവിനെ ഇഷ്ടം പോലെ വിളിച്ചിട്ടുണ്ട്, അവസരത്തിന് വേണ്ടി പക്ഷെ ഒമർ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല; മനീഷ

‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യൻ മലയാളികള്‍ക്ക് സുപരിചിതയാക്കി. ‘പൂക്കാലം വരവായി’ എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും എത്തിയിരിന്നു

ബി​ഗ് ബോസിൽ മനീഷ പുറത്ത് പോയതിൽ മത്സരാർത്ഥികൾക്കും ആരാധകർക്കും ഒരുപോലെ നിരാശയുണ്ട്. വീട്ടിൽ മികച്ച രീതിയിൽ കളിച്ച് മുന്നേറവെയാണ് മനീഷ പുറത്ത് പോയിരിക്കുന്നത്. കാഴ്ചക്കാരുടെ വോട്ടിം​ഗ് പ്രവചനാതീതമാണെന്നാണ് ഇതേപറ്റി മനീഷ പുറത്ത് വന്നപ്പോൾ പറഞ്ഞത്. ആളുകളുടെ വിധിയെഴുത്തിനെ ബഹുമാനിക്കുന്നു, പരാതിയില്ലെന്നും മനീഷ വ്യക്തമാക്കി. മനീഷ, വൈബർ ഗുഡ് ദേവു എന്നിവരാണ് പുറത്തേക്ക് പോയിരിക്കുന്നത്.

രണ്ട് ശക്തരായ മത്സരാർത്ഥികൾ ഒരുമിച്ച് പുറത്തേക്ക് പോവുന്നെന്നതും ഇത്തവണത്തെ എവിക്ഷന്റെ പ്രത്യേകതയാണ്. ന്യായമായ എവിക്ഷനല്ല നടന്നതെന്നാണ് വൈബർ ​ഗുഡ് ദേവു പ്രതികരിച്ചത്. വീട്ടിലേക്ക് അനു ജോസഫ്, ഒമർ ലുലു എന്നീ മത്സരാർത്ഥികളാണ് പുതിയതായി എത്തിയിരിക്കുന്നത്. ഇവരെത്തി ദിവസങ്ങൾക്കുള്ളിൽ മനീഷ പുറത്ത് പോയി

ബി​ഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് മനീഷ ഒമർ ലുലുവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനീഷ. ബി​ഗ് ബോസിന്റെ മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്ത് വന്ന് കൊണ്ടിരുന്ന ഘട്ടത്തിൽ നൽകിയ അഭിമുഖമായിരുന്നു ഇത്.

ഒമർ ലുലുവിനെ ഇഷ്ടം പോലെ വിളിച്ചിട്ടുണ്ട്. അവസരത്തിന് വേണ്ടി. പക്ഷെ ഒമർ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല. ഒമർ ലുലുവിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനാരുമല്ല. എന്നാൽ എനിക്ക് വലിയ അഭിപ്രായവുമില്ല. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. അതുംകൂടെ എനിക്ക് പറയാനുണ്ട്. നമ്മൾ കരിയരിലും ജീവിതത്തിലും എത്ര ഉന്നതിയിലെത്തിയാലും ഭൂമി തൊട്ട് ജീവിക്കണം.


അതൊരു വലിയ ക്വാളിറ്റിയാണ്. ചില മനുഷ്യൻമാർ നോക്കുന്നത് കണ്ടാൽ നമുക്ക് തോന്നും എന്ത് മനുഷ്യൻമാരാണ് ഇവരെന്ന്. ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് ദൈവത്തിന്റെ അംശം ഉൾക്കൊണ്ടാണ്. ഓരോരുത്തർക്കും ഭൂമിയിൽ വാല്യു ഉണ്ട്. നമ്മളെന്തിനാണ് അവരെ പുച്ഛിക്കുന്നത്. നമ്മളെന്തിനാണ് അഹങ്കാരം കാണിക്കുന്നത്. ഒമർ ലുലു പുച്ഛിച്ചു എന്നല്ല ഞാൻ പറയുന്നത്, പൊതുവെയുള്ള കാര്യമാണ്. പക്ഷെ ഒമർ ലുലുവും എന്നെ മെെൻഡൊന്നും ചെയ്തില്ല, മനീഷ പറഞ്ഞതിങ്ങനെ.

എയ്ഞ്ചലിൻ മരിയ, ഗോപിക, ദേവു, മനീഷ, ഹനാൻ, ലച്ചു എന്നീ മത്സരാർത്ഥികളാണ് ബിഗ് ബോസിൽ നിന്നും ഇതുവരെ പുറത്ത് പോയത്. ഹനാൻ, ലച്ചു എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് പുറത്തേക്ക് പോയത്. സ്ക്രീൻ സ്പേസ് കിട്ടിയെങ്കിലും മനീഷയുടെ രീതികൾ ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല.

അടുത്തിടെയായി മിക്ക സമയങ്ങളിലും കരച്ചിലായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷ പരിഹസിക്കപ്പെടുകയും ചെയ്തു. കരച്ചിൽ അഭിനയമാണെന്നും ആരോപണം വന്നു. ഷോയിൽ ​ഗ്രൂപ്പുകളുടെ ഭാ​ഗമാവാതെ ഒറ്റയ്ക്ക് നിന്ന് തന്നെയാണ് താൻ കളിച്ചതെന്നും ബി​ഗ് ബോസ് വീട്ടിനുള്ളിൽ ​ഗ്രൂപ്പിസമുണ്ടെന്നും മനീഷ പുറത്ത് വന്ന ശേഷം പറഞ്ഞിരുന്നു.

അനു ജോസഫാണ് ബി​ഗ് ബോസിൽ ഏറ്റവും ഒടുവിൽ വന്ന മത്സരാർത്ഥി. പുതിയ വൈൽഡ് കാർഡ് എൻട്രി പ്രേക്ഷകർക്കും പ്രതീക്ഷ നൽകുന്നുണ്ട്. റീ എൻട്രിക്ക് ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തായ വൈബർ ​ഗുഡ് ദേവു പറയുന്നത്.

AJILI ANNAJOHN :