ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ ‘ദ കേരള സ്‌റ്റോറി’യ്‌ക്കെതിരെ വരുന്നത്

‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ ആന്റണി.

‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രം ചില പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്‌നങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നതെന്ന് അനില്‍ ആന്റണി പറയുന്നു. ബിബിസിയുടെ ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിധേയമാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.

കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. ചിത്രത്തിന് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്‌ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്‌ക്കെതിരേ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും അദ്ദേഹം പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായുടെ വാദം.

അതേ സമയം ‘ദ കേരള സ്‌റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി ലഭിച്ചു. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു’, ‘ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല’ തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.

Vijayasree Vijayasree :